‘ഭയന്നത് സെവാ​ഗിനെതിരെ പന്തെറിയാൻ; സച്ചിനെ പുറത്താക്കാൻ ബുദ്ധിമുട്ട്‘- വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ

‘ഭയന്നത് സെവാ​ഗിനെതിരെ പന്തെറിയാൻ; സച്ചിനെ പുറത്താക്കാൻ ബുദ്ധിമുട്ട്‘- വെളിപ്പെടുത്തി മുത്തയ്യ മുരളീധരൻ
ഫോട്ടോ: സോഷ്യൽ മീഡിയ
ഫോട്ടോ: സോഷ്യൽ മീഡിയ

മുംബൈ: ഇന്ത്യൻ ഓപ്പണറായിരുന്ന വീരേന്ദർ സെവാ​ഗ് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ എന്നിവർക്കെതിരെ പന്തെറിയാനായിരുന്നു ഭയന്നിരുന്നത് എന്ന വെളിപ്പെടുത്തലുമായി ഇതിഹാസ ലങ്കൻ സ്പിന്നർ മുത്തയ്യ മുരളീധരൻ. സച്ചിൻ ടെണ്ടുൽക്കറിനെതിരെ ബൗൾ ചെയ്യാൻ അത്രയ്ക്ക് ഭയപ്പെട്ടിട്ടില്ല. കാരണം അദ്ദേഹം ഒരിക്കലും വീരേന്ദർ സേവാഗിനേപ്പോലെ നോവിച്ചിട്ടില്ലെന്ന് മുരളീധരൻ പറയുന്നു. 

‘സച്ചിനെതിരെ പന്തെറിയാൻ ഭയം തോന്നിയിട്ടില്ല. കാരണം, സെവാഗിനേപ്പോലെ അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, സെവാഗിനെതിരെ ബൗൾ ചെയ്യാൻ ഭയക്കണം. അദ്ദേഹത്തിന്റെ ബാറ്റ് സമ്മാനിച്ച വേദനകൾ അനുഭവിച്ച വ്യക്തിയാണ് ഞാൻ. സച്ചിൻ തിരിച്ചാണ്. അദ്ദേഹം നമ്മെ നോവിക്കില്ല. പക്ഷേ, പുറത്താക്കാൻ ബുദ്ധിമുട്ടാണ്.‘ 

‘സെവാഗിനെതിരെ പ്രതിരോധത്തിലൂന്നിയുള്ള ഫീൽഡിങ് ക്രമീകരണമാണ് നടത്തിയിരുന്നത്. കാരണം ഏതു പന്ത് കിട്ടിയാലും സെവാഗ് ആക്രമിച്ചു കളിക്കുമെന്ന് വ്യക്തമായിരുന്നു. ലാറയേപ്പോലെയല്ല സെവാഗ്. ബൗളർമാരോട് യാതൊരു ബഹുമാനവും കാട്ടില്ല. ഫോമിലാണെങ്കിൽ യാതൊരു വെല്ലിവിളിയും ഉണ്ടാകില്ലെന്ന് സെവാഗിന് ആത്മവിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതിരോധത്തിലേക്കു വലിഞ്ഞ് ഫീൽഡൊരുക്കി സെവാഗ് ഒരു പിഴവു വരുത്തുന്നതിനായി കാത്തിരിക്കും. ടെസ്റ്റിലാണെങ്കിലും രണ്ട് മണിക്കൂർ ക്രീസിൽ നിന്നാൽ 150 റൺസെങ്കിലും അടിക്കണമെന്ന നിലപാടായിരുന്നു സെവാഗിന്റേത്. അതുകൊണ്ടു തന്നെ ഉച്ചഭക്ഷണത്തിനു മുൻപ് പുറത്തായാൽപ്പോലും സേവാഗിന്റെ പേരിൽ 150 റൺസെങ്കിലും കാണും’ – മുരളീധരൻ അനുസ്മരിച്ചു.

ബാറ്റ്സ്മാനെന്ന നിലയിൽ തനിക്കെതിരെ വിക്കറ്റ് കളിയാതിരിക്കുന്നതിലാണ് സച്ചിൻ കൂടുതൽ ശ്രദ്ധ പുലർത്തിയിരുന്നതെന്ന് മുരളീധരൻ പറഞ്ഞു. അതിനാൽ സച്ചിനെ പുറത്താക്കുകയെന്നത് ശ്രമകരമായ ദൗത്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തിട്ടുള്ള താരമാണ് മുത്തയ്യ മുരളീധരൻ. ടെസ്റ്റിൽ 800 വിക്കറ്റ് ക്ലബ്ബിലെത്തിയ ഒരേയൊരു ബൗളറും മുരളീധരൻ തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com