കളിക്കാരുടെ മാനസിക സമ്മര്‍ദം, യാത്രയിലെ തടസങ്ങള്‍; പാകിസ്ഥാന്‍-അഫ്ഗാനിസ്ഥാന്‍ പരമ്പര മാറ്റി 

അഫ്ഗാനിസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം പാകിസ്ഥാനിലേക്ക് വന്ന്, അവിടെ നിന്ന് ദുബായി വഴി ശ്രീലങ്കയിലേക്ക് പറക്കാനാണ് അഫ്ഗാന്‍ ടീം പദ്ധതിയിട്ടിരുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കാബുള്‍: അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ ഏകദിന പരമ്പര മാറ്റിവെച്ചു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്തംബര്‍ ആദ്യമാണ് പരമ്പര നടക്കേണ്ടിയിരുന്നത്.

എന്നാല്‍ രാജ്യത്തെ ഭരണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരമ്പര മാറ്റി വയ്ക്കണം എന്ന ആവശ്യം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്‍പോട്ട് വെക്കുകയായിരുന്നു. 

ശ്രീലങ്കയാണ് പാകിസ്ഥാന്‍-അഫ്ഗാന്‍ ഏകദിനത്തിന് വേദിയാവേണ്ടിയിരുന്നത്. യുഎഇയില്‍ ഐപിഎല്‍ ഒരുക്കങ്ങളായതിനെ തുടര്‍ന്നാണ് ശ്രീലങ്ക വേദിയായി തീരുമാനിച്ചത്. എന്നാല്‍ ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ ഉയര്‍ന്നതും അഫ്ഗാനില്‍ നിന്ന് യാത്ര ചെയ്യുന്നതിനുള്ള തടസവും കളിക്കാരുടെ മാനസികാരോഗ്യ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് പരമ്പര മാറ്റി വെക്കുന്നതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. 

ബ്രോഡ്കാസ്‌റ്റേഴ്‌സിനെ ലഭിക്കുന്നതിലെ പ്രതിസന്ധിയും പരമ്പര മാറ്റി വയ്ക്കുന്നതിന് കാരണമായി. 2022ലേക്കാണ് പരമ്പര മാറ്റി വെച്ചിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ നിന്ന് റോഡ് മാര്‍ഗം പാകിസ്ഥാനിലേക്ക് വന്ന്, അവിടെ നിന്ന് ദുബായി വഴി ശ്രീലങ്കയിലേക്ക് പറക്കാനാണ് അഫ്ഗാന്‍ ടീം പദ്ധതിയിട്ടിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com