'ആദ്യ ദിവസത്തിലെ ആദ്യ മണിക്കൂറിന് ശേഷം പിച്ചില്‍ വലിയ മാറ്റം'; വിക്കറ്റിലേക്ക് ചൂണ്ടി ഡേവിഡ് മലന്‍

ആദ്യ ദിനം ആദ്യ മണിക്കൂറില്‍ കണ്ട പിച്ചിന്റെ സ്വഭാവും കളി പുരോഗമിക്കുംതോറും മാറി വന്നതായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലന്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ഹെഡിങ്‌ലേ: ആദ്യ ദിനം ആദ്യ മണിക്കൂറില്‍ കണ്ട പിച്ചിന്റെ സ്വഭാവും കളി പുരോഗമിക്കുംതോറും മാറി വന്നതായി ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മലന്‍. ആദ്യ ദിനം ടോസ് നേടി ബാറ്റിങ്ങിന് ഹെഡിങ്‌ലേയില്‍ ഇറങ്ങിയ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട് ആയിരുന്നു. 

ആദ്യ ദിനം ആദ്യ മണിക്കൂറില്‍ അവര്‍ ബാറ്റ് ചെയ്തിടത്ത് നിന്ന് പിച്ചില്‍ വലിയ മാറ്റമുണ്ടായി. ഇന്ത്യയുടെ ബൗളിങ് മൂര്‍ച്ചയില്ലാത്തത് ആയിരുന്നു എന്ന് പറയാനാവില്ല. അവര്‍ എല്ലാ വഴിയും പ്രയോഗിച്ചു. ഒരുപാട് ചോദ്യങ്ങള്‍ അവരില്‍ നിന്ന് വന്നെങ്കിലും വിക്കറ്റില്‍ നിന്ന് വേണ്ട സഹായം ലഭിച്ചില്ല, മലന്‍ പറഞ്ഞു. 

രണ്ടാം ദിനം വിക്കറ്റ് നഷ്ടമില്ലാതെയാണ് ഇംഗ്ലണ്ട് തുടങ്ങിയത്. എന്നാല്‍ ഓപ്പണര്‍ ബേണ്‍സിനെ മടക്കി ഷമി ഇന്ത്യക്ക് ബ്രേക്ക് നല്‍കി. പക്ഷേ റൂട്ടിനൊപ്പം മറ്റ് ബാറ്റ്‌സ്മാന്മാരും മികവ് കാണിച്ചതോടെ ഇന്ത്യക്ക് മേല്‍ കൂറ്റന്‍ ലീഡ് ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനായി. ഇംഗ്ലണ്ടിന്റെ ടോപ് 4 ബാറ്റ്‌സ്മാന്മാരും അര്‍ധ ശതകം കണ്ടെത്തി. 

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ 345 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ടിനുള്ളത്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് ക്രീസില്‍ നിലയുറപ്പിക്കാനായില്ലെങ്കില്‍ ഇന്നിങ്‌സ് തോല്‍വി എന്ന ഭീഷണിയും ഇന്ത്യക്ക് മുന്‍പിലേക്ക് എത്തിയേക്കും. 

ഒന്നാം ദിനം ആന്‍ഡേഴ്‌സനാണ് ഇന്ത്യന്‍ മുന്‍നിരയെ തകര്‍ത്തത്. കഴിഞ്ഞ രണ്ട് ടെസ്റ്റിലും മികവ് കാണിച്ച കെ എല്‍ രാഹുലിനെ പൂജ്യത്തിന് മടക്കിയ ആന്‍ഡേഴ്‌സന്‍ ചേതേശ്വര്‍ പൂജാര, കോഹ് ലി എന്നിവരേയും തുടരെ മടക്കി ഇന്ത്യയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു. 40 ഓവറില്‍ ഇന്ത്യ 78 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ എട്ട് ഓവറില്‍ 5 മെയ്ഡനോടെ ആറ് റണ്‍സ് മാത്രം വഴങ്ങിയാണ് ആന്‍ഡേഴ്‌സന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com