'ഈ ആറ് പേരില്‍ ആരെയെങ്കിലും തൊടുമോ? ഒന്നും നടക്കാന്‍ പോകുന്നില്ല'; ടീമിലെ അഴിച്ചുപണി സാധ്യത തള്ളി മുന്‍ താരം

ഒരു മാറ്റവും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര പറയുന്നത്
ലീഡ്‌സില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ലീഡ്‌സില്‍ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ്/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മുംബൈ: ലീഡ്‌സ് ടെസ്റ്റില്‍ തോല്‍വിയിലേക്ക് വീണതിന് പിന്നാലെ നാലാം ടെസ്റ്റിന് ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വേണം എന്ന വാദം ശക്തമാണ്. സൂര്യകുമാര്‍ യാദവിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണം എന്ന വാദമാണ് ശക്തം. എന്നാല്‍ ഒരു മാറ്റവും സംഭവിക്കാന്‍ പോവുന്നില്ലെന്നാണ് ഇന്ത്യന്‍ മുന്‍ താരവും ക്രിക്കറ്റ് വിദഗ്ധനുമായ ആകാശ് ചോപ്ര പറയുന്നത്. 

മുന്‍നിരയിലെ ആറ് ബാറ്റ്‌സ്മാന്മാരെ തൊടുമോ എന്ന ചോദ്യമാണ് ആകാഷ് ചോപ്ര ഇവിടെ ഉന്നയിക്കുന്നത്. സൂര്യകുമാര്‍ യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് എല്ലാവരും പറയുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. സൂര്യകുമാറിനെ കളിപ്പിക്കുന്നതിനോട് എനിക്കും അനുകൂല നിലപാടാണ്. എന്നാല്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാനായി ആരെ പുറത്തിരുത്തും? ആകാശ് ചോപ്ര ചോദിക്കുന്നു.

നിലവില്‍ പ്ലേയിങ് ഇലവനില്‍ ഉള്ള ആരേയും തൊടാനാവില്ല. രോഹിത് ശര്‍മ, രാഹുല്‍ കോഹ് ലി, പൂജാര. രഹാനെ, ഋഷഭ് എന്നിവര്‍ നാലാം ടെസ്റ്റും കളിക്കുമെന്ന് ഉറപ്പല്ലേ? അപ്പോള്‍ സൂര്യകുമാര്‍ യാദവിനെ എവിടെ ഉള്‍പ്പെടുത്തുമെന്നാണ് ആകാശ് ചോപ്ര ചോദിക്കുന്നത്. 

ആദ്യ രണ്ട് ടെസ്റ്റിലും മോശം ഫോമില്‍ കളിച്ച പൂജാര ലീഡ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറിയോട് അടുത്തിരുന്നു. പൂജാരയുടെ ഫോമിനെ ചോദ്യം ചെയ്ത് ഡ്രസിങ് റൂമില്‍ ഇതുവരെ ഒരു ചോദ്യം പോലും ഉയര്‍ന്നിട്ടില്ലെന്ന് രോഹിത് ശര്‍മയും പറഞ്ഞിരുന്നു. രഹാനയെ പ്ലേയിങ് ഇലവനില്‍ നിന്ന് മാറ്റാനും ടീം മാനേജ്‌മെന്റ് തയ്യാറാവാന്‍ ഇടയില്ല. 

ടെസ്റ്റില്‍ ഇതുവരെ സൂര്യകുമാര്‍ യാദവ് അരങ്ങേറ്റം കുറിച്ചിട്ടില്ല. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ സൂര്യകുമാര്‍ ഇതുവരെ കളിച്ചു കഴിഞ്ഞു. അതില്‍ നിന്ന് 5326 റണ്‍സ് ആണ് സൂര്യകുമാറിന്റെ സമ്പാദ്യം. 14 സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com