മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഹൈ ജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം

മെഡൽ വേട്ട തുടർന്ന് ഇന്ത്യ; ഹൈ ജംപിൽ മാരിയപ്പൻ തങ്കവേലുവിന് വെള്ളി; ശരത് കുമാറിന് വെങ്കലം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടോക്യോ: പാരാലിംപിക്സിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ. പുരുഷൻമാരുടെ ഹൈ ജംപ് ടി63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേലു വെള്ളി നേടി. റിയോ പാരാലിംപിക്സിൽ സ്വർണ മെഡൽ ജേതാവായിരുന്ന മാരിയപ്പന് ആ പ്രകടനം ഇത്തവണ പുറത്തെടുക്കാൻ സാധിച്ചില്ല. ടോക്യോയിൽ യുഎസ് താരം സാം ഗ്രൂവിനാണ് സ്വർണം. ഇന്ത്യയുടെ തന്നെ ശരത് കുമാർ വെങ്കലം നേടി.

ഇതോടെ ടോക്യോ പാരാലിംപിക്സിൽ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പത്തായി ഉയർന്നു. രണ്ട് സ്വർണം, അഞ്ച് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യൻ താരങ്ങളുടെ സമ്പാദ്യം.

നേരത്തെ, പുരുഷൻമാരുടെ 10 മീറ്റർ എയർ പിസ്റ്റൾ എച്ച്1 വിഭാഗത്തിൽ സിങ്‌രാജ് അദാന നേടിയ വെങ്കലത്തിലൂടെ ഇന്ത്യൻ മെഡൽ നേട്ടം എട്ടിലെത്തിച്ചിരുന്നു. ഫൈനലിൽ 216.8 പോയിന്റോടെയാണ് അദാന വെങ്കലത്തിലെത്തിയത്. യോഗ്യതാ റൗണ്ടിൽ ആറാം സ്ഥാനക്കാരനായാണ് അദാന ഫൈനലിലെത്തിയത്.

ഈ ഇനത്തിൽ ചൈനയുടെ യാവോ യാങ് 237.9 പോയിന്റോടെ സ്വർണം നേടി. ചൈനയുടെ തന്നെ ഹുവാങ് ഷിങ് 237.5 പോയിന്റോടെ വെള്ളി നേടി. അതേസമയം, യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനക്കാരനായി ഫൈനലിൽ പ്രവേശിച്ച മറ്റൊരു ഇന്ത്യൻ താരം മനീഷ് നർവാൾ ഫൈനലിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com