ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം; ഒഡീഷയെ തകര്‍ത്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 10:21 PM  |  

Last Updated: 05th December 2021 10:21 PM  |   A+A-   |  

kerala_blasters

ഒഡിഷയ്‌ക്കെതിരെ വിജയം നേടിയ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദം

 

പനജി: ഐഎസ്എല്ലില്‍ കരുത്തരായ ഒഡിഷ എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കു കീഴടക്കി കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ വിജയമാണിത്. അല്‍വാരോ വാസ്‌കസ്, പ്രശാന്തുമാണ് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗോളുകള്‍ നേടിയത്.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഗോളടിച്ചിരുന്നില്ല.  പ്രതിരോധത്തിലും മുന്നേറ്റത്തിലും ബ്ലാസ്റ്റേഴ്‌സ് മുന്നിട്ടുനിന്നു. മധ്യനിരയില്‍ അഡ്രിയാന്‍ ലൂണയും സഹല്‍ അബ്ദുല്‍ സമദും തിളങ്ങിയതോടെ ഒഡിഷ ഗോള്‍ മുഖത്തേക്കു പല തവണ പന്തെത്തി. രണ്ടാം പകുതിയില്‍ ഒഡിഷയുടെ പിഴവുകള്‍ മുതലെടുത്താണ് ബ്ലാസ്റ്റേഴ്‌സ് ഗോളുകള്‍ നേടിയത്. രണ്ടാം പകുതിയുടെ അധിക സമയത്ത് ഒഡിഷയ്ക്കു വേണ്ടി നിഖില്‍ രാജ് ആശ്വാസ ഗോള്‍ കണ്ടെത്തി. ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് അഞ്ചു പോയിന്റുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ്.

നാല് മത്സരങ്ങളില്‍നിന്ന് ഒരു ജയവും രണ്ട് സമനിലയും ഒരു തോല്‍വിയുമാണു ബ്ലാസ്റ്റേഴ്‌സിനുള്ളത്. ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ചു തുടങ്ങിയ ഒഡിഷയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ബ്ലാസ്റ്റേഴ്‌സില്‍നിന്നുണ്ടായത്. ആറ് പോയിന്റോടെ ഒഡിഷയാണ് മൂന്നാം സ്ഥാനത്ത്. ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം 12ന് ഈസ്റ്റ് ബംഗാളിനെതിരെയാണ്.