''ഈ സെലക്ടര്‍മാര്‍ കളിച്ച മത്സരങ്ങള്‍ എല്ലാം കൂടി എടുത്താലും കോഹ്‌ലിയുടെ പകുതി പോലും വരില്ല''
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2021 11:30 AM |
Last Updated: 18th December 2021 11:31 AM | A+A A- |

ഫയല്‍ ചിത്രം
ന്യൂഡല്‍ഹി: വിരാട് കോഹ്‌ലിയെ ഏകദിന സ്ഥാനത്ത് നിന്ന് മാറ്റുന്ന വിവരം സെലക്ടര്‍മാര്‍ കോഹ്‌ലിയെ അറിയിച്ചത് ബിസിസിഐ പ്രസിഡന്റിന്റെ അനുവാദം വാങ്ങിയതിന് ശേഷമാവുമെന്ന് ഇന്ത്യന്‍ മുന്‍ താരം കീര്‍ത്തി ആസാദ്. ഈ തീരുമാനം അറിഞ്ഞതിന് ശേഷം അനൗദ്യോഗികമായി ഗാംഗുലിക്ക് കോഹ് ലിയുമായി സംസാരിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സെലക്ടര്‍മാര്‍ ടീമിനെ തെരഞ്ഞെടുത്തതിന് ശേഷം അത് ബോര്‍ഡ് പ്രസിഡന്റിന്റെ അടുത്തേക്ക് അയക്കും. പ്രസിഡന്റ് അംഗീകാരം നല്‍കുമ്പോഴാണ് ടീമിനെ പ്രഖ്യാപിക്കുപക. ഒരു ഫോര്‍മാറ്റിലെ ക്യാപ്റ്റനെ മാറ്റുകയാണ് എങ്കിലും സെലക്ടര്‍മാര്‍ അത് ബിസിസിഐ പ്രസിഡന്റിന് എഴുതണം, കീര്‍തി ആസാദ് പറഞ്ഞു.
ഗാംഗുലി അനൗദ്യോഗികമായി കോഹ്‌ലിയോട് സംസാരിക്കണമായിരുന്നു
കോഹ്‌ലി അസ്വസ്ഥനല്ല. ഈ വിവരം തന്നെ അറിയിച്ച വിധമാണ് കോഹ് ലിയെ വേദനിപ്പിച്ചത്. സൗരവ് ഗാംഗുലി വിഷയം അറിഞ്ഞപ്പോള്‍ അനൗദ്യോഗികമായി കോഹ്‌ലിയോട് സംസാരിക്കണമായിരുന്നു.നിങ്ങള്‍ക്ക് ഇതെല്ലാം മനസിലാവും. ഈ സെലക്ടര്‍മാരെല്ലാം മികച്ചവരാണ്. എന്നാല്‍ ഈ സെലക്ടര്‍മാരെല്ലാം കളിച്ച മത്സരങ്ങള്‍ ഒരുമിച്ച് കൂട്ടിയാല്‍ പോലും വിരാട് കോഹ്‌ലി കളിച്ച മത്സരങ്ങളുടെ പകുതി പോലും എത്തില്ല, കീര്‍ത്തി ആസാദ് ചൂണ്ടിക്കാണിക്കുന്നു.
ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്നത് സംബന്ധിച്ച അതൃപ്തി കോഹ് ലി പരസ്യമാക്കിയത് സൃഷ്ടിച്ച അലയൊലികള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. വിഷയത്തില്‍ ബിസിസിഐ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. നിലവില്‍ സൗത്ത് ആഫ്രിക്കയിലാണ് കോഹ് ലിയും ഇന്ത്യന്‍ സംഘവും. ടെസ്റ്റ് പരമ്പര മുന്‍പില്‍ നില്‍ക്കെ കൂടുതല്‍ വിവാദം സൃഷ്ടിക്കേണ്ടതില്ല എന്ന നിലപാടിലാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.