പാതിവഴിയില്‍ എഫ്‌സി ഗോവയെ ഉപേക്ഷിച്ച് യുവാന്‍ ഫെറാന്‍ഡോ; ഇനി എടികെ മോഹന്‍ ബഗാനെ കളി പഠിപ്പിക്കും

പാതിവഴിയില്‍ എഫ്‌സി ഗോവയെ ഉപേക്ഷിച്ച് യുവാന്‍ ഫെറാന്‍ഡോ; ഇനി എടികെ മോഹന്‍ ബഗാനെ കളി പഠിപ്പിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: ഐഎസ്എല്‍ ടീം എഫ്‌സി ഗോവയുടെ മുഖ്യ പരിശീലകന്‍ യുവാന്‍ ഫെറാന്‍ഡോ ടീം വിട്ടു. എടികെ മോഹന്‍ ബഗാന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് 40കാരനായ കോച്ച് ഗോവ ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. ഫെറാന്‍ഡോ ടീം വിട്ടതായി ഗോവ സ്ഥിരീകരിച്ചു.

അസിസ്റ്റന്റ് കോച്ച് ക്ലിഫോര്‍ഡ് മിറാന്‍ഡയാണ് ഇനി ഗോവന്‍ ടീമിന്റെ താത്കാലിക ചുമതല ഏറ്റെടുക്കുക. 'യുവാനെ നഷ്ടപ്പെട്ടതില്‍ ഞങ്ങള്‍ വളരെ നിരാശരാണ്. ക്ലബ് വിടാനുള്ള അദ്ദേഹത്തിന്റെ തീരുമാനം തികച്ചും അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമാണ്, പ്രത്യേകിച്ച് സീസണിന്റെ ഈ ഘട്ടത്തില്‍'- ഗോവ ഇറക്കിയ കുറിപ്പില്‍ പറയുന്നു.

സീസണിലെ മോശം മുന്നേറ്റം കൊല്‍ക്കത്തന്‍ കരുത്തര്‍ തുടര്‍ന്നതോടെ അവര്‍ അന്റോണിയോ ലോപസ് ഹെബാസിനെ പുറത്താക്കിയിരുന്നു. പിന്നാലെയാണ് താരതമ്യേന ചെറുപ്പക്കാരനായ ഫെറാന്‍ഡോയെ ടീം പാളയത്തിലെത്തിച്ചത്.

കഴിഞ്ഞ സീസണിലാണ് ഫെറാന്‍ഡോ ഗോവയുടെ പരിശീലകനായി എത്തിയത്. ആ സീസണില്‍ ടീമിനെ സെമി വരെ എത്തിക്കാന്‍ ഫെറാന്‍ഡോയ്ക്ക് സാധിച്ചിരുന്നു. ഗോവയെ 40 മത്സരങ്ങളിലാണ് ഫെറാന്‍ഡോ പരിശീലിപ്പിച്ചത്. 14 വിജയങ്ങളും 17 സമനിലകളും ഒന്‍പത് തോല്‍വിയുമാണ് ഫെറാന്‍ഡോയുടെ അക്കൗണ്ടിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com