'ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ അതുല്യപ്രതിഭകള്‍, എല്ലായ്‌പ്പോഴും കണ്ടുകിട്ടില്ല'; കുല്‍ദീപിനെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍ 

ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ വിലമതിക്കാനാവാത്തവരാണെന്നും, എല്ലായ്‌പ്പോഴും ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ നമുക്ക് ലഭിച്ചേക്കില്ലെന്നും പഠാന്‍ ചൂണ്ടിക്കാണിച്ചു
കുല്‍ദീപ് യാദവ്/ഫയല്‍ ചിത്രം
കുല്‍ദീപ് യാദവ്/ഫയല്‍ ചിത്രം

മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് ടീം പ്ലേയിങ് ഇലവനിലേക്ക് ഇടംനേടാനാവാതെ നില്‍ക്കുന്ന ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ പിന്തുണച്ച് മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ വിലമതിക്കാനാവാത്തവരാണെന്നും, എല്ലായ്‌പ്പോഴും ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ നമുക്ക് ലഭിച്ചേക്കില്ലെന്നും പഠാന്‍ ചൂണ്ടിക്കാണിച്ചു. 

മൂന്ന് മാസത്തോളമായി പ്ലേയിങ് ഇലവനിലേക്ക് എത്താനാവാതെ ബെഞ്ചിലിരിക്കുകയാണ് കുല്‍ദീപ്. ഫെബ്രുവരി 5ന് ആരംഭിക്കുന്ന ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ കുല്‍ദീപിന് ഇടംപിടിക്കാന്‍ സാധിക്കുമെന്ന് പഠാന്‍ പ്രതീക്ഷ പങ്കുവെച്ചു. 

കുല്‍ദീപ് യാദവിന് ടീം മാനേജ്‌മെന്റിന്റെ പിന്തുണ ലഭിക്കുന്നുണ്ട് എന്ന് തനിക്ക് ഉറപ്പാണ്. കാരണം അത്രമാത്രം കഴിവുള്ള കളിക്കാരനാണ്. എല്ലാ ദിവസവും ഇടംകയ്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ നമുക്ക് ലഭിക്കണം എന്നില്ല. 25-26 വയസിലാണ് കുല്‍ദീപ് എത്തി നില്‍ക്കുന്നത്. ഈ സമയമാണ് പക്വത കൈവരിക്കുക, പഠാന്‍ പറഞ്ഞു. 

എപ്പോഴാണോ അവസരം ലഭിക്കുന്നത് അപ്പോള്‍...ആദ്യ ടെസ്റ്റ്, രണ്ടാം ടെസ്റ്റ്...എപ്പോഴാണോ കളിക്കാനാവുന്നത് അപ്പോള്‍ കുല്‍ദീപ് നന്നായി കളികുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്. ഇംഗ്ലണ്ടിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, ചരിത്രം നോക്കിയാല്‍, ലെഗ് സ്പിന്നര്‍മാര്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് കാണാം. 

ചെന്നൈയിലെ പിച്ച് പരിഗണിക്കുമ്പോള്‍ മൂന്ന് സ്പിന്നര്‍മാരെ ഇറക്കാനുള്ള നീക്കവും തള്ളിക്കളയാനാവില്ലെന്ന് പഠാന്‍ പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ വെച്ച് കളിക്കാനാണെങ്കിലും വളരെ നന്നായി കളിക്കാന്‍ സാധിക്കുന്ന ടീമാണ് ഇന്ത്യ. എന്നാല്‍ സാഹചര്യങ്ങള്‍ നോക്കുമ്പോള്‍, ഡ്രൈ പിച്ചില്‍ മൂന്ന് സ്പിന്നര്‍മാരെ ഇറക്കുന്നതാണ് കാണാനാവുക. 

നാല് ടെസ്റ്റിലും ആര്‍ അശ്വിനൊപ്പം വാഷിങ്ടണ്‍ സുന്ദര്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുമെന്നും പഠാന്‍ പറഞ്ഞു. കാരണം സ്പിന്നറായി മാത്രമല്ല സുന്ദറിനെ കാണുന്നത്. ഓള്‍റൗണ്ടറായാണ് സുന്ദറിനെ പരിഗണിക്കുന്നത് എന്ന് പഠാന്‍ ചൂണ്ടിക്കാണിച്ചു. 

എന്നാല്‍ ഇന്ത്യന്‍ പിച്ചുകളില്‍ ഫിംഗര്‍ സ്പിന്നര്‍മാര്‍ക്കാണ് കൂടുതല്‍ മുന്‍തൂക്കം. പ്രത്യേകിച്ച് ജഡേജയെ പോലെ ഫാസ്റ്റ് സ്പിന്‍ എറിയാനാവുന്നവര്‍ക്ക്. ഓഫ് സ്പിന്നറാണെങ്കിലും വാഷിങ്ടണ്‍ സുന്ദറിന് ആ റോള്‍ ഏറ്റെടുക്കാനാവും. അശ്വിനും വാഷിങ്ടണ്‍ സുന്ദറും, കുല്‍ദീപ് യാദവും ഒരുമിച്ച് കളിക്കാന്‍ സാധ്യതയുണ്ടെന്നും പഠാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com