12 പന്തില്‍ അര്‍ധ ശതകം, അടിച്ചു കൂട്ടിയത് 22 പന്തില്‍ 84 റണ്‍സ്; ഗെയ്ല്‍ വെടിക്കെട്ട്‌

ഗെയ്‌ലിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 9 വിക്കറ്റിന്റെ കൂറ്റന്‍ ജയത്തിലേക്കും അബുദാബി എത്തി
ക്രിസ് ഗെയ്ല്‍/ഫോട്ടോ: ടി10 ലീഗ്, ട്വിറ്റര്‍
ക്രിസ് ഗെയ്ല്‍/ഫോട്ടോ: ടി10 ലീഗ്, ട്വിറ്റര്‍

അബുദാബി: വീണ്ടും ഗ്രൗണ്ടില്‍ വെടിക്കെട്ടുമായി വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ക്രിസ് ഗെയ്ല്‍. അബുദാബി ടി10 ലീഗില്‍ 12 പന്തില്‍ അര്‍ധ ശതകം പിന്നിട്ട യൂണിവേഴ്‌സല്‍ ബോസ് അടിച്ചു കൂട്ടിയത് 22 പന്തില്‍ 84 റണ്‍സ്. 

ആറ് ഫോറും, 9 സിക്‌സുമാണ് ഇവിടെ ഗെയ്‌ലിന്റെ ബാറ്റില്‍ നിന്ന് പറന്നത്. ഗെയ്‌ലിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ മറാത്ത അറേബ്യന്‍സിനെതിരെ 9 വിക്കറ്റിന്റെ കൂറ്റന്‍ ജയത്തിലേക്കും അബുദാബി എത്തി. 

ആദ്യം ബാറ്റ് ചെയ്ത മറാത്ത അറേബ്യന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 97 റണ്‍സ്. ഗെയ്ല്‍ 5.3 ഓവറില്‍ 27 പന്തുകള്‍ ശേഷിക്കെ തന്റെ ടീമിനെ ജയം തൊടീച്ചു. ആദ്യ ഓവര്‍ മുതല്‍ അടിച്ചു കളിച്ച ഗെയ്‌ലിന്റെ 84 റണ്‍സ് ഇന്നിങ്‌സില്‍ 78 റണ്‍സും വന്നത് ബൗണ്ടറികളില്‍ നിന്നാണ്. 

12 പന്തില്‍ അര്‍ധ ശതകം കണ്ടെത്തിയ ഗെയ്ല്‍ ടി10 ലീഗ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ ശതകത്തില്‍ അഫ്ഗാനിസ്ഥാന്‍ മുഹമ്മദ് ഷഹ്‌സാദിന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി. 2018ലാണ് ഷഹ്‌സാദ് 12 പന്തില്‍ അര്‍ധ ശതകം പിന്നിട്ടത്. 

ബാറ്റിങ് വിസ്‌ഫോടനത്തിന് പിന്നാലെ ടീം മെന്ററായ കുമാര്‍ സംഗക്കാരയ്ക്കാണ് ഗെയ്ല്‍ എല്ലാ ക്രഡിറ്റും നല്‍കിയത്. അറിവ് നേടുന്നതിന് അവസാനമില്ല. സംഗാ, നിങ്ങളാണ് ഇതിന് പിന്നില്‍, നിങ്ങളൊരു ഇതിഹാസമാണ്...ഗെയ്ല്‍ പറഞ്ഞു. 

അബുദാബി ടി10 ലീഗ് ആരംഭിക്കുന്നതിന് മുന്‍പ് ടി10 ക്രിക്കറ്റ് ഒളിംപിക്‌സിന്റെ ഭാഗമാവുന്നതിനെ പിന്തുണയ്ക്കുന്നതായി ഗെയ്ല്‍ പറഞ്ഞിരുന്നു. യുഎസ്എയില്‍ മാത്രം വെച്ച് ടി10 ലീഗ് നടത്താമെന്നും, കൂടുതല്‍ വരുമാനം ഇതിലൂടെ സൃഷ്ടിക്കാമെന്നും ഗെയ്ല്‍ ചൂണ്ടിക്കാണിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com