100ാം ടെസ്റ്റില്‍ 200 തൊടുന്ന ആദ്യ താരം; ചെന്നൈയില്‍ ഇരട്ട ശതകവുമായി ചരിത്രമെഴുതി റൂട്ട്

ആര്‍ അശ്വിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് പറത്തിയാണ് റൂട്ട് ഇരട്ട ശതകം തികച്ചത്
ജോ റൂട്ട്/ഫോട്ടോ: പിടിഐ
ജോ റൂട്ട്/ഫോട്ടോ: പിടിഐ

ചെന്നൈ: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ജോ റൂട്ടിന് ഇരട്ട
സെഞ്ചുറി. നൂറാം ടെസ്റ്റില്‍ ഇരട്ട ശതകത്തിലേക്ക് എത്തുന്ന ആദ്യ താരം എന്ന നേട്ടവും റൂട്ട് ഇവിടെ സ്വന്തമാക്കി. റൂട്ടിന്റെ ടെസ്റ്റിലെ അഞ്ചാം ഇരട്ട ശതകമാണ് ഇത്. 

ആര്‍ അശ്വിനെ ലോങ് ഓണിന് മുകളിലൂടെ സിക്‌സ് പറത്തിയാണ് റൂട്ട് ഇരട്ട ശതകം തികച്ചത്. തന്റെ കഴിഞ്ഞ നാല് സെഞ്ചുറികളില്‍ മൂന്നും ഇരട്ട ശതകത്തിലേക്ക് റൂട്ട് എത്തിച്ചു കഴിഞ്ഞു. ഇംഗ്ലണ്ടിന് എതിരായ കഴിഞ്ഞ രണ്ട് ടെസ്റ്റില്‍ 228,186 എന്നതായിരുന്നു റൂട്ടിന്റെ സ്‌കോര്‍. 

19 ഫോറും 1 സിക്‌സും പറത്തിയാണ് ഇരട്ട ശതകത്തിലേക്ക് റൂട്ട് എത്തിയത്. 100ാം ടെസ്റ്റ് കളിക്കുന്ന കളിക്കാരന്റെ ഉയര്‍ന്ന സ്‌കോറായ 184 എന്ന ഇന്‍സമാം ഉള്‍ ഹഖിന്റെ റെക്കോര്‍ഡ് ആണ് ഇവിടെ റൂട്ട് പഴങ്കഥയാക്കിയത്.

രണ്ടാം ദിനം 128 റണ്‍സുമായി ബാറ്റിങ് പുനരാരംഭിച്ച റൂട്ട് സ്‌കോറിങ്ങിന്റെ വേഗം കൂട്ടാന്‍ മുന്‍പില്‍ നിന്നു. മൂന്നാം വിക്കറ്റില്‍ സ്റ്റോക്ക്‌സിനൊപ്പം നിന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടാണ് റൂട്ട് തീര്‍ത്തത്. റൂട്ടിന്റെ ബാറ്റിങ് മികവില്‍ കൂറ്റന്‍ ടോട്ടലിലേക്ക് നീങ്ങുകയാണ് ചെന്നൈയില്‍ ഇംഗ്ലണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com