ന്യൂസിലാന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ബ്രൂസ് ടെയ്‌ലര്‍ അന്തരിച്ചു; വിടപറഞ്ഞത് അരങ്ങേറ്റത്തില്‍ സെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ താരം

1965ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയാണ് ന്യൂസിലാന്‍ഡിന്റെ വലംകൈ ബൗളറും ഇടത് കൈ ബാറ്റ്‌സ്മാനുമായ ബ്രൂസ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കിയത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് മുന്‍ ഓള്‍റൗണ്ടര്‍ ബ്രൂസ് ടെയ്‌ലര്‍(77) അന്തരിച്ചു. അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറിയും, 5 വിക്കറ്റ് നേട്ടവും സ്വന്തമാക്കിയ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു കളിക്കാരനാണ് വിടപറയുന്നത്. 

1965ല്‍ കൊല്‍ക്കത്ത ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇറങ്ങിയാണ് ന്യൂസിലാന്‍ഡിന്റെ വലംകൈ ബൗളറും ഇടത് കൈ ബാറ്റ്‌സ്മാനുമായ ബ്രൂസ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത നേട്ടം സ്വന്തമാക്കിയത്. അസുഖ ബാധിതനായ ബാരി സിന്‍ക്ലയറിന് പകരം അവസാന നിമിഷം പ്ലേയിങ് ഇലവനിലേക്ക് എത്തി അരങ്ങേറ്റം കുറിക്കേണ്ടി വന്നിടത്താണ് വിസ്മയിപ്പിക്കുന്ന പ്രകടനം ബ്രീസില്‍ നിന്ന് വന്നത്. 

അന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് എന്ന നിലയില്‍ ന്യൂസിലാന്‍ഡ് തകര്‍ന്നപ്പോള്‍ ഏഴാം വിക്കറ്റില്‍ ബെര്‍ത് സത്ക്ലിഫിനൊപ്പം ചേര്‍ന്ന് 163 റണ്‍സിന്റെ കൂട്ടുകെട്ട് ബ്രൂസ് ഉയര്‍ത്തി. 158 പന്തില്‍് നിന്ന് 105 റണ്‍സ് കണ്ടെത്തിയ ബ്രൂസിന്റെ ബാറ്റില്‍ നിന്ന് 14 ഫോറും, മൂന്ന് സിക്‌സും അന്ന് വന്നു. 

66.5 ആയിരുന്നു അന്ന് ബ്രൂസിന്റെ സ്‌ട്രൈക്ക് റേറ്റ്. ആ നാളുകളില്‍ അത് ഉയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റായാണ് കണക്കാക്കപ്പെട്ടത്. ഇന്ത്യയുടെ എസ് വെങ്കടരാഘവന്‍, ബാപു നന്ദകര്‍ണി, സലിം ദുരാനി, രമാകാന്ത് ദേശായി എന്നിവര്‍ക്കെതിരെ ബ്രൂസ് ആക്രമണം അഴിച്ചു വിട്ടു. 

പിന്നാലെ പന്ത് കയ്യിലെടുത്തപ്പോള്‍ ഫറോക്ക് എഞ്ചിനിയര്‍, ചന്ദു ബോര്‍ഡേ, നന്ദകര്‍ണി, എംഎകെ പട്ടൗഡി, വെങ്കടരാഘവന്‍ എന്നിവരുടെ വിക്കറ്റുകളാണ് ബ്രൂസ് വീഴ്ത്തിയത്. ഇന്ത്യയെ 380 റണ്‍സില്‍ പുറത്താക്കാന്‍ മുന്‍പില്‍ നിന്ന് 82 റണ്‍സിന്റെ ലീഡിലേക്കും ബ്രൂസ് ന്യൂസിലാന്‍ഡിനെ എത്തിച്ചു. 

തൊട്ടടുത്ത ടെസ്റ്റില്‍ 26 റണ്‍സ് മാത്രം വഴങ്ങി ഇന്ത്യയുടെ 5 വിക്കറ്റും ബ്രൂസ് വീഴ്ത്തി. ഇന്ത്യ അവിടെ 88 റണ്‍സിനാണ് പുറത്തായത്. 30  ടെസ്റ്റ് കളിച്ച ബ്രൂസ് 111 വിക്കറ്റാണ് തന്റെ അക്കൗണ്ടിലേക്ക് ചേര്‍ത്തത്. 20.41 എന്ന ബാറ്റിങ് ശരാശരിയില്‍ നേടിയത് 898 റണ്‍സ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com