താര ലേലത്തിന് നില്‍ക്കാതെ മിച്ചല്‍ സ്റ്റാര്‍ക്ക്; സ്മിത്തിന്റെ അടിസ്ഥാന വില 2 കോടി, ശ്രീശാന്തിന് 75 ലക്ഷം

ഈ സീസണിലെ ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കാന്‍ സാധ്യതയുള്ള കളിക്കാരില്‍ മുന്‍പിലുണ്ടായിരുന്ന പേരാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റേത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഐപിഎല്‍ താര ലേലത്തില്‍ പങ്കെടുക്കാതെ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. ഈ സീസണിലെ ലേലത്തില്‍ ഉയര്‍ന്ന വില ലഭിക്കാന്‍ സാധ്യതയുള്ള കളിക്കാരില്‍ മുന്‍പിലുണ്ടായിരുന്ന പേരാണ് മിച്ചല്‍ സ്റ്റാര്‍ക്കിന്റേത്. 

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സ്റ്റാര്‍ക്കിന് കഴിഞ്ഞില്ല. പരമ്പരയില്‍ ഓവറില്‍ മൂന്ന് റണ്‍സ് എന്ന കണക്കില്‍ റണ്‍ വഴങ്ങിയ ഓസ്‌ട്രേലിയന്‍ ബൗളര്‍ സ്റ്റാര്‍ക്ക് മാത്രമായിരുന്നു. ഇതുവരെ 2014, 2015 ഐപിഎല്‍ സീസണുകളില്‍ മാത്രമാണ് സ്റ്റാര്‍ക്ക് കളിച്ചത്. 

രാജസ്ഥാന്‍ റോയല്‍സ് റിലീസ് ചെയ്തതിനെ തുടര്‍ന്ന് ലേലത്തിലേക്ക് എത്തിയ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ അടിസ്ഥാന വില രണ്ട് കോടിയാണ്. സ്മിത്തിനെ കൂടാതെ, ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്‌സ് വെല്‍, ഇംഗ്ലണ്ടിന്റെ മൊയിന്‍ അലി എന്നിവരാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയായുള്ളവര്‍. 

വിലക്കിന് ശേഷം തിരികെ എത്തുന്ന ഇന്ത്യന്‍ പേസര്‍ എസ് ശ്രീശാന്തിന്റെ അടിസ്ഥാന വില 75 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് വേണ്ടി കളിച്ച ടോം ബാന്റണ്‍ ഈ വര്‍ഷം ഐപിഎല്ലില്‍ പേര് രജിസ്റ്റര്‍ ചെയ്തില്ല. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ പേരും ആദ്യമായി ഐപിഎല്‍ താര ലേലത്തിലേക്ക് എത്തി. 20 ലക്ഷം രൂപയാണ് അര്‍ജുന്റെ അടിസ്ഥാന വില. 

ആകെ 1,097 കളിക്കാരാണ് ഐപിഎല്‍ താര ലേലത്തിനായി പേര് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 814 ഇന്ത്യന്‍ കളിക്കാരുണ്ട്. ഇതില്‍ 743 ഇന്ത്യന്‍ കളിക്കാരും അരങ്ങേറ്റം കുറിക്കാത്തവരാണ്. 814ല്‍ 50 കളിക്കാര്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചവരാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com