2 കിമീ 8 മിനിറ്റ് 30 സെക്കന്റില്‍; ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് സഞ്ജു ഉള്‍പ്പെടെ ആറ് കളിക്കാര്‍ 

ബിസിസിഐ പുതുതായി കൊണ്ടുവന്ന രണ്ട് കിമീ റണ്‍ ഫിറ്റ്‌നസ് ടെസ്റ്റിലാണ് പലര്‍ക്കും അടിതെറ്റിയത്
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം
സഞ്ജു സാംസണ്‍/ഫയല്‍ ചിത്രം

മുംബൈ: ബിസിസിഐയുടെ ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ട് സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറ് താരങ്ങള്‍. ബിസിസിഐ പുതുതായി കൊണ്ടുവന്ന രണ്ട് കിമീ റണ്‍ ഫിറ്റ്‌നസ് ടെസ്റ്റിലാണ് പലര്‍ക്കും അടിതെറ്റിയത്. 

സഞ്ജു സാംസണിനെ കൂടാതെ, ഇഷാന്‍ കിഷന്‍, നിതീഷ് റാണ, രാഹുല്‍ തെവാതിയ, സിദ്ദാര്‍ഥ് കൗള്‍, ജയദേവ് ഉനദ്ഖട്ട് എന്നിവരാണ് ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടത്. പുതുതായി കൊണ്ടുവന്ന ഫിറ്റ്‌നസ് ടെസ്റ്റ് ആയതിനാല്‍ പരാജയപ്പെട്ടവര്‍ക്ക് രണ്ടാമത് ഒരു അവസരം കൂടി നല്‍കും. പല കളിക്കാരും രണ്ട് കിമീ ദൂരം ഓട്ടം പൂര്‍ത്തിയാക്കാന്‍ പ്രയാസപ്പെട്ടു. 

രണ്ടാമത്തെ ഫിറ്റ്‌നസ് ടെസ്റ്റിലും പരാജയപ്പെട്ടാല്‍ ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയില്‍ ഇവര്‍ക്ക് ടീമില്‍ ഇടംപിടിക്കാന്‍ കഴിയില്ല. 2018ല്‍ സഞ്ജു സാംസണ്‍, മുഹമ്മദ് ഷമി, അമ്പാട്ടി റായിഡു എന്നിവര്‍ യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് അവരെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. 

ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരയ്ക്കും, ടി20 ലോകകപ്പും മുന്‍പില്‍ കണ്ട് 20 ക്രിക്കറ്റ് താരങ്ങള്‍ക്കായിരുന്നു ഫിറ്റ്‌നസ് ടെസ്റ്റ്. യോ യോ ടെസ്റ്റിനൊപ്പം 2 കിമീ ഓട്ടം കൂടി ഉള്‍പ്പെടുത്തുകയായിരുന്നു. 8 മിനിറ്റ് 30 സെക്കന്റില്‍ രണ്ട് കിമീ ദൂരമാണ് ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍ റോളിലുള്ളവര്‍ ഓടിയെത്തേണ്ടത്. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് രണ്ട് കിലോമീറ്റര്‍ എട്ട് മിനിറ്റ് 15 സെക്കന്റില്‍ മറികടക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com