'മികച്ച കളിക്കാരനാവാന്‍ ഓരോ കളിയിലും സെഞ്ചുറിയും 150 റണ്‍സും വേണ്ട'; രോഹിത്തിനെ പിന്തുണച്ച് രഹാനെ

തുടരെ മികച്ച പ്രകടനം വന്നില്ല എന്നതിന് അര്‍ഥം അയാളൊരു മോശം കളിക്കാരനാണ് എന്നല്ലെന്നും രഹാനെ ചൂണ്ടിക്കാണിച്ചു
രോഹിത് ശര്‍മ/ഫോട്ടോ: എപി
രോഹിത് ശര്‍മ/ഫോട്ടോ: എപി

ചെന്നൈ: ഒരു മികച്ച കളിക്കാരന് ഓരോ കളിയിലും 100 റണ്‍സും 150 റണ്‍സും നേടേണ്ടതില്ലെന്ന് ഇന്ത്യന്‍ ഉപനായകന്‍ അജിങ്ക്യാ രഹാനെ. തുടരെ മികച്ച പ്രകടനം വന്നില്ല എന്നതിന് അര്‍ഥം അയാളൊരു മോശം കളിക്കാരനാണ് എന്നല്ലെന്നും രഹാനെ ചൂണ്ടിക്കാണിച്ചു. രോഹിത്തിനെ പിന്തുണച്ചായിരുന്നു രഹാനെയുടെ വാക്കുകള്‍. 

ടീമിലെ പ്രധാനപ്പെട്ട അംഗമാണ് രോഹിത്. മികച്ച സ്‌കോര്‍ ഉടന്‍ കണ്ടെത്താന്‍ രോഹിത്തിന് കഴിയും. കളിക്കാരനില്‍ വിശ്വാസം വെക്കുക എന്നതാണ് വേണ്ടത് എന്നും രഹാനെ പറഞ്ഞു. ആദ്യ ടെസ്റ്റില്‍ ചെന്നൈയില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ നന്നായി പന്തെറിഞ്ഞതായും രഹാനെ പറയുന്നു. 

നമ്മുടെ സ്പിന്നര്‍മാര്‍ നന്നായി പന്തെറിഞ്ഞതായാണ് എനിക്ക് തോന്നുന്നത്. ആദ്യ ടെസ്റ്റിലെ ആദ്യ രണ്ട് ദിവസങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മനസിലാവും, അവിടെ നമ്മുടെ സ്പിന്നര്‍മാര്‍ക്കും, പേസര്‍മാര്‍ക്കും അനുകൂലമായി ഒരു ഘടകവും ഉണ്ടായില്ല. അവര്‍ 190 ഓവര്‍ ബാറ്റ് ചെയ്തു. 580 റണ്‍സാണ് കണ്ടെത്താനായത്. നമ്മള്‍ അവിടെ നന്നായി ബൗള്‍ ചെയ്തു എന്ന് തന്നെയാണ് കരുതുന്നത്. 

രണ്ടാം ഇന്നിങ്‌സില്‍ നമ്മുടെ എല്ലാ ബൗളര്‍മാരും, പ്രത്യേകിച്ച് അശ്വിന്‍, നന്നായി പന്തെറിഞ്ഞു. ഇന്ത്യയില്‍ പന്ത് ടേണ്‍ ചെയ്താല്‍ എതിരാളികളെ അത് അസ്വസ്ഥപ്പെടുത്തും. നമ്മുടെ സ്പിന്നര്‍മാരുടെ പ്രകടനത്തില്‍ വലിയ ആശങ്ക ഇല്ലെന്നും രഹാനെ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com