ഇം​ഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ബൗളിങ് നിര; കളി വരുതിയിൽ നിർത്തി ഇന്ത്യ

ഇം​ഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി ബൗളിങ് നിര; കളി വരുതിയിൽ നിർത്തി ഇന്ത്യ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിനും കോഹ്‌ലിയും/ പിടിഐ
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന അശ്വിനും കോഹ്‌ലിയും/ പിടിഐ

ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ കളി വരുതിയിലാക്കി ഇന്ത്യ. ഇം​​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സിൽ 134 റൺസിൽ അവസാനിപ്പിച്ച് 195 റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെന്ന നിലയിൽ. നിലവിൽ ഇന്ത്യയ്ക്ക് 249 റൺസിന്റെ ലീഡുണ്ട്.

25 റൺസെടുത്ത് രോഹിത് ശർമയും ഏഴ് റൺസുമായി ചേതേശ്വർ പൂജാരയും പുറത്താകാതെ നിൽക്കുന്നു. 14 റൺസെടുത്ത ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഗില്ലിനെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുടുക്കി. 

ഇന്ത്യ ഉയർത്തിയ 329 റൺസിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത് ഇന്ത്യൻ ബൗളർമാരാണ്. 23.5 ഓവറിൽ വെറും 43 റൺസ് മാത്രം വിട്ടുനൽകി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയ രവിചന്ദ്ര അശ്വിന്റെ ബൗളിങ് കരുത്തിലാണ് ഇന്ത്യ ചെറിയ സ്‌കോറിന് ഇംഗ്ലണ്ടിനെ പുറത്താക്കിയത്. 

ഇംഗ്ലണ്ടിനായി. 42 റൺസെടുത്ത് പുറത്താവാതെ നിന്ന വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ബെൻ ഫോക്‌സ് മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്.  ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. അക്കൗണ്ട് തുറക്കും മുൻപ് ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ ഓപ്പണർ റോറി ബേൺസിനെ പുറത്താക്കി ഇഷാന്ത് ശർമ ഇന്ത്യയ്ക്ക് സ്വപ്നത്തുടക്കം സമ്മാനിച്ചു. പൂജ്യനായി മടങ്ങിയ ബേൺസിനെ ഇഷാന്ത് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.

പിന്നീട് ഏഴാം ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ ഡോം സിബ്ലിയെ പുറത്താക്കി അശ്വിൻ ഇന്ത്യക്ക് വേണ്ടി രണ്ടാം വിക്കറ്റ് വീഴ്ത്തി. 16 റൺസെടുത്ത സിബ്ലി മടങ്ങുമ്പോൾ രണ്ട് വിക്കറ്റിന് 16 എന്ന നിലയിലാണ് ഇംഗ്ലണ്ട്. പിന്നാലെയെത്തിയത് ഇംഗ്ലണ്ടിന്റെ നായകനും ബാറ്റിങ് പ്രതീക്ഷയുമായ ജോ റൂട്ടാണ്. ജോ റൂട്ടിനെ പുറത്താക്കി അക്സർ പട്ടേൽ ഇന്ത്യയ്ക്ക് വേണ്ടി മൂന്നാം വിക്കറ്റ് വീഴ്ത്തി. അക്സറിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റാണിത്. സ്‌കോർ 23ൽ നിൽക്കെ വെറും ആറ് റൺസെടുത്ത റൂട്ടിനെ അക്സർ അശ്വിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇംഗ്ലണ്ട് 23ന് മൂന്ന് എന്ന നിലയിലായി.

ഉച്ച ഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് 18ാം ഓവറിലെ അവസാന പന്തിൽ ഡാൻ ലോറൻസിനെ പുറത്താക്കി അശ്വിൻ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റ് വീഴ്ത്തി. 52 പന്തുകളിൽ നിന്നു ഒൻപത് റൺസെടുത്ത ലോറൻസിനെ അശ്വിൻ ശുഭ്മാൻ ഗില്ലിന്റെ കൈയിലെത്തിച്ചു. 

പിന്നീട് ശ്രദ്ധയോടെ ബാറ്റേന്താൻ ബെൻ സ്‌റ്റോക്‌സും ഫോക്‌സും ശ്രമിച്ചു. എന്നാൽ ബെൻ സ്‌റ്റോക്‌സിന്റെ കുറ്റി തെറിപ്പിച്ച് അശ്വിൻ ഇംഗ്ലണ്ടിന്റെ അഞ്ചാം വിക്കറ്റ് വീഴ്ത്തി. സ്‌കോർ 52ൽ നിൽക്കെ 18 റൺസെടുത്ത സ്‌റ്റോക്‌സിനെ നിസ്സഹായനാക്കി പന്ത് വിക്കറ്റ് പിഴുതു. ഇതോടെ ഇംഗ്ലണ്ട് തകർന്നു. പിന്നാലെയെത്തിയ ഒലി പോപ്പിനെ കൂട്ടുപിടിച്ച് ഫോക്‌സ് 35 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.  ഇംഗ്ലണ്ടിന്റ ഏറ്റവും വലിയ ബാറ്റിങ് കൂട്ടുകെട്ടും ഇതുതന്നെ.

എന്നാൽ കൂട്ടുകെട്ട് പൊളിച്ച് സിറാജ് ഒലി പോപ്പിനെ പറഞ്ഞയച്ചു. 22 റൺസെടുത്ത പോപ്പിനെ ആദ്യ പന്തിൽ തന്നെ സിറാജ് ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. അസാമാന്യമായ ക്യാച്ചിലൂടെയാണ് ഋഷഭ് പന്ത് പോപ്പിനെ പുറത്താക്കിയത്. സിറാജിന്റെ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമാണിത്. അതിലെ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീഴ്ത്തി താരം ചരിത്രം കുറിച്ചു. 

പിന്നാലെ വന്ന മോയിൻ അലിയ്ക്കും പിടിച്ചുനിൽക്കാനായില്ല. അലിയെ അക്സർ പട്ടേൽ പുറത്താക്കി. വെറും ആറ് റൺസെടുത്ത അലിയുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കാലിൽ തട്ടിപ്പൊങ്ങി. രഹാനെ ഒരു മികച്ച ഡൈവിലൂടെ പന്ത് കൈയിലൊതുക്കി. 

പിന്നീട് വന്ന സ്റ്റോണിനെയും ലീച്ചിനെയും ബ്രോഡിനെയും പുറത്താക്കി ഇന്ത്യൻ ബൗളർമാർ അതിവേഗം ഇംഗ്ലണ്ടിനെ ചുരുട്ടിക്കെട്ടി. ബ്രോഡിന്റെ വിക്കറ്റെടുത്തുകൊണ്ടാണ് അശ്വിൻ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. അരങ്ങേറ്റതാരം അക്സർ പട്ടേലും ഇഷാന്ത് ശർമയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ സിറാജ് ഒരു വിക്കറ്റെടുത്തു.

നേരത്തെ 300 ന് ആറ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 329 റൺസിന് പുറത്തായി. അർധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന ഋഷഭ് പന്ത് മാത്രമാണ് ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം ദിനം പിടിച്ചുനിന്നത്. ഋഷഭ് 77 പന്തുകളിൽ നിന്നും 58 റൺസ് നേടി പുറത്താവാതെ നിന്നു. താരത്തിന്റെ ആറാം ടെസ്റ്റ് അർധശതകമാണിത്.

ഇംഗ്ലണ്ടിനായി മോയിൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ  ഒലി സ്‌റ്റോൺ മൂന്ന് വിക്കറ്റുകൾ നേടി. ജാക്ക് ലീച്ച് രണ്ട് വിക്കറ്റും ജോ റൂട്ട് ഒരു വിക്കറ്റും സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com