ഒഡിഷയെ തകർത്ത് നോർത്ത്ഈസ്റ്റ് യുനൈറ്റഡ്; മഷാഡോയ്ക്ക് ഇരട്ട ഗോൾ; മൂന്നാം സ്ഥാനത്തേക്ക് കയറി വടക്കുകിഴക്കൻ ടീം
By സമകാലിക മലയാളം ഡെസ്‌ക് | Published: 14th February 2021 07:50 PM |
Last Updated: 14th February 2021 07:50 PM | A+A A- |
നോർത്ത്ഈസ്റ്റ് യുനൈറ്റഡ് താരം ലൂയിസ് മഷാഡോയുടെ മുന്നേറ്റം തടയാൻ ശ്രമിക്കുന്ന ഒഡിഷ താരം മുഹമ്മജ് സാജിദ്/ ട്വിറ്റർ
പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ ഒഡിഷ എഫ്സിയെ തകർത്ത് നോർത്ത് ഈസ്റ്റ് യുനൈറ്റഡ്. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വിജയം പിടിച്ച വടക്കുകിഴക്കൻ ടീം പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. മത്സരത്തിൽ പിറന്ന നാല് ഗോളുകളും ആദ്യ പകുതിയിൽ തന്നെ വലയിൽ കയറി.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ തന്നെ ലൂയിസ് മഷാഡോ നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. വലതു വശത്തു നിന്ന് അശുതോഷ് മേത്ത ബോക്‌സിലേക്ക് നീട്ടിയ പന്ത് കിടിലൻ വോളിയിലൂടെ മഷാഡോ വലയിലെത്തിക്കുകയായിരുന്നു. 19-ാം മിനിറ്റിൽ ദെഷോൺ ബ്രൗൺ അവരുടെ ലീഡുയർത്തി. ഫെഡറിക്കോ ഗയ്യേഗോ നീട്ടി നൽകിയ പന്തിൽ നിന്നായിരുന്നു ബ്രൗണിന്റെ ഗോൾ. പന്തിനൊപ്പം ബോക്‌സിലേക്ക് ഓടിക്കയറിയ ബ്രൗൺ ഒഡിഷ ഗോൾകീപ്പർ അർഷ്ദീപിന്റെ കാലിനിടയിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു.
24-ാം മിനിറ്റിൽ ഒഡിഷ പ്രതിരോധത്തിന്റെ പിഴവിൽ നിന്ന് മഷാഡോ തന്റെ രണ്ടാം ഗോൾ കണ്ടെത്തി. ഫെഡറിക്കോ ഗയ്യേഗോ ബോക്‌സിലേക്ക് നീട്ടി നൽകിയ പന്ത് അനായാസം മഷാഡോ വലയിലെത്തിക്കുകയായിരുന്നു. പന്ത് ക്ലിയർ ചെയ്യാൻ ഒഡിഷ താരങ്ങൾ ശ്രമിക്കാഞ്ഞതോടെ മഷാഡോയുടെ ഫ്രീ ഹെഡ്ഡർ വലയിൽ.
ആദ്യ പകുതിയുടെ അധിക സമയത്താണ് ഒഡിഷയുടെ ഗോൾ വന്നത്. പോസ്റ്റിന്റെ ഇടതുവശത്തു നിന്ന് ഡാനിയൽ നീട്ടി നൽകിയ പന്തിൽ നിന്നുള്ള ബ്രാഡൻ ഇൻമാന്റെ ഷോട്ട് നോർത്ത് ഈസ്റ്റ് താരം മഷൂർ ഷെരീഫിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.
രണ്ടാം പകുതിയിലും നോർത്ത് ഈസ്റ്റ് മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. ഒഡിഷയും ഏതാനും അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോൾ നേടാൻ ഇരു കൂട്ടർക്കും സാധിച്ചില്ല.