മതില്‍ ചാടിക്കടന്ന് കുട്ടി ആരാധകന്‍ ഇംഗ്ലണ്ട് താരങ്ങളുടെ സമീപത്തേക്ക്; രണ്ടാം ടെസ്റ്റിനിടെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 12:59 PM |
Last Updated: 15th February 2021 12:59 PM | A+A A- |
വീഡിയോ ദൃശ്യം
ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയിലാണ് ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര നടക്കുന്നത്. ബയോ സെക്യുര്‍ ബബ്ള്‍ സംവിധാനമൊരുക്കിയാണ് കാണികളെ അടക്കം സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.
ഇപ്പോഴിതാ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിനിടെ കുട്ടി ആരാധകന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി റിപ്പോര്‍ട്ടുകള്‍. മത്സരം ഉച്ച ഭക്ഷണത്തിന്റെ ഇടവേളയിലേക്ക് പ്രവേശിച്ച ഘട്ടത്തിലാണ് ആരാധകന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉച്ച ഭക്ഷണത്തിന്റെ ഇടവേളയില്‍ അന്തിമ ഇലവനില്‍ ഇടമില്ലാതിരുന്ന ഇംഗ്ലണ്ടിന്റെ റിസര്‍വ് താരങ്ങള്‍ പരിശീലനത്തിനായി മൈതനത്തിറങ്ങിയ സമയത്താണ് കുട്ടി ആരാധകന്‍ പ്രോട്ടോക്കോള്‍ ലംഘിച്ചത്.
സ്‌റ്റേഡിയത്തിനും ഗ്രൗണ്ടിനും ഇടയില്‍ സ്ഥാപിച്ച മതില്‍ ചാടിക്കടന്ന് ഇയാള്‍ മൈതാനത്തിന് തൊട്ടരികില്‍ വരെയെത്തി. ഈ സമയത്ത് സുരക്ഷാ ജീവനക്കാരൊന്നും സമീപത്തുണ്ടായിരുന്നില്ല. ഇയാള്‍ പരിശീലനം നടത്തുന്ന ഇംഗ്ലണ്ട് താരങ്ങളുടെ അടുത്തേക്ക് പോയി ഹസ്തദാനം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു.
എന്നാല്‍ ഇംഗ്ലീഷ് താരങ്ങള്‍ ഇതിന് വിസമ്മതം അറിയിക്കുകയും ആരാധകനോട് മടങ്ങി സ്‌റ്റേഡിയത്തിലേക്ക് തിരിച്ച് പോകാനും ആവശ്യപ്പെട്ടു. ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞാണ് ആരാധകന്‍ എത്തിയത്. ഇംഗ്ലീഷ് താരങ്ങള്‍ മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടതോടെ കുട്ടി ആരാധകന്‍ തിരിച്ച് സ്‌റ്റേഡിയത്തിലേക്ക് തന്നെ മടങ്ങി.
പിന്നീട് ഈ കുട്ടി ആരാധകനെ പൊലീസും സുരക്ഷാ ജീവനക്കാരും എത്തി പുറത്തേക്ക് കൊണ്ടു പോയി. പരമ്പരയില്‍ ഇതാദ്യമായാണ് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമുണ്ടാകുന്നത്.