യുവരാജ് സിങ്ങിനെതിരെ എഫ്‌ഐആര്‍; എട്ട് മാസം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th February 2021 11:16 AM |
Last Updated: 15th February 2021 11:16 AM | A+A A- |

ഫയല്‍ ചിത്രം
ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ജാതീയമായി അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി 2020ല്‍ നൽകിയ പരാതിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ എത്തിച്ചിരിക്കുന്നത്. അന്ന് സംഭവത്തിന് പിന്നാലെ യുവരാജ് സിങ് ക്ഷമ പറഞ്ഞിരുന്നു.
2020ല്‍ രോഹിത് ശര്‍മയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിനിടെ യുവരാജ് സിങ് ദളിത് വിഭാഗത്തെ മോശമായി ചിത്രീകരിക്കുന്നതിനായി ജാതിയമായി അധിക്ഷേപം ചൊരിഞ്ഞു എന്നാണ് കേസ്. ഹരിയാനയിലെ ഹിസറിലുള്ള ഒരു അഭിഭാഷകനാണ് മുന്‍ ഇന്ത്യന്‍ താരത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അന്ന് അഭിഭാഷകന്‍ നല്‍കിയ കേസിലാണ് എട്ട് മാസത്തിന് ശേഷം പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
രോഹിതുമായുള്ള ചാറ്റിനിടെ യുസ്‌വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് എന്നിവരെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് യുവരാജ് അധിക്ഷേപകരമായ വാക്കുകള്‍ പ്രയോഗിച്ചത്. സംഭവം വിവാദമായതോടെ യുവരാജിനെതിരെ ശക്തമായ പ്രതിഷേധം അരങ്ങേറിയിരുന്നു. പിന്നാലെയാണ് താരം ക്ഷമ ചോദിച്ച് രംഗത്തെത്തിയത്. ജാതീയമായി ആരെയും അധിക്ഷേപിക്കാന്‍ ഒന്നും പറഞ്ഞിട്ടില്ലെന്ന് താരം വ്യക്തമാക്കുകയും ചെയ്തു.