മാനസിക പ്രശ്‌നങ്ങള്‍; ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th February 2021 12:40 PM |
Last Updated: 17th February 2021 12:40 PM | A+A A- |

ഡികോക്ക്/ഫയല്‍ ചിത്രം
ജൊഹന്നാസ്ബര്‍ഗ്: മാനസികാരോഗ്യം മുന്‍ നിര്‍ത്തി ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്ത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ ഡികോക്ക്. വിദഗ്ധരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡികോക്ക് ഡൊമസ്റ്റിക് ടി20 ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി.
ഏതാനും ആഴ്ച ക്രിക്കറ്റില്‍ നിന്ന് ഡികോക്ക് വിട്ടുനില്‍ക്കുമെന്ന് സൗത്ത് ആഫ്രിക്ക ക്രിക്കറ്റേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ തോറ്റ് കഴിഞ്ഞ ആഴ്ചയാണ് ഡികോക്ക് നാട്ടിലേക്ക് തിരികെ എത്തിയത്.
പാകിസ്ഥാനെതിരായ പരമ്പര തോല്‍വിക്ക് പിന്നാലെ ഡികോക്കിന്റെ നായകത്വത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ബയോ ബബിളില്‍ കഴിയുന്നതിന്റെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നതായി ഡികോക്ക് പറഞ്ഞിരുന്നു. ബയോ ബബിളില്‍ കഴിയേണ്ടി വരുന്നത് കൊണ്ട് പാക് പര്യടനത്തിനുള്ള അതൃപ്തിയും ഡികോക്ക് തുറന്നു പറഞ്ഞിരുന്നു.
ഡുപ്ലസിസിന് കീഴില്‍ ഇംഗ്ലണ്ട് ലോകകപ്പില്‍ മികവ് കാണിക്കാതെ വന്നതോടെയാണ് നായകത്വം ഡികോക്കിന്റെ കൈകളിലേക്ക് വരുന്നത്. ടി20, ഏകദിന ടീമുകളുടെ ക്യാപ്റ്റനായതിന് പിന്നാലെ ടെസ്റ്റിലെ നായകത്വവും സൗത്ത് ആഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ കൈകളിലെത്തി. എന്നാല്‍ താത്കാലിക ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയിലാണ് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതെന്നും ഡികോക്ക് പറഞ്ഞിരുന്നു.