പത്ത് പേരായി ചുരുങ്ങിയിട്ടും ഉജ്ജ്വലമായി കളിച്ച് ഹൈദരാബാദ്; സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹൻ ​ബ​ഗാൻ

പത്ത് പേരായി ചുരുങ്ങിയിട്ടും ഉജ്ജ്വലമായി കളിച്ച് ഹൈദരാബാദ്; സമനിലയുമായി രക്ഷപ്പെട്ട് എടികെ മോഹൻ ​ബ​ഗാൻ
എടികെ മോഹൻ ബ​ഗാൻ- ഹൈദരാബാദ് എഫ്സി മത്സരത്തിൽ നിന്ന്/ ട്വിറ്റർ
എടികെ മോഹൻ ബ​ഗാൻ- ഹൈദരാബാദ് എഫ്സി മത്സരത്തിൽ നിന്ന്/ ട്വിറ്റർ

പനാജി: ഐഎസ്എല്ലിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ എടികെ മോഹൻ ബഗാൻ സമനിലയുമായി രക്ഷപ്പെട്ടു. കരുത്തരെ ഒപ്പം പിടി‌ച്ച് ഹൈദരാബാദ് എഫ്സി പ്ലേയോഫ് പ്രതീക്ഷകളും സജീവമാക്കി. 2-2നാണ് പോരാട്ടം സമനിലയിൽ അവസാനിച്ചത്. ഹൈദരാബാദിനായി നായകൻ അരിഡാനെ സന്റാനയും പകരക്കാരനായി എത്തിയ റോളണ്ട് ആൽബെർഗും ഗോളുകൾ കണ്ടെത്തിയപ്പോൾ മോഹൻ ബഗാന് വേണ്ടി മൻവീർ സിങ്ങും പ്രീതം കോട്ടാലും സ്‌കോർ ചെയ്തു.

രണ്ട് തവണ മത്സരത്തിൽ ലീഡെടുത്തിട്ടും ടീമിന് വിജയിക്കാനായില്ല. അർഹിച്ച ജയമാണ് ഹൈദരാബാദിന് നഷ്ടമായത്. 

കളി തുടങ്ങി അഞ്ചാം മിനിറ്റിൽ തന്നെ പത്ത് പേരായി ചുരുങ്ങിയിട്ടും ഉജ്ജ്വല പോരാട്ടമാണ് ഹൈദരാബാദ് പുറത്തെടുത്തത്. പ്രതിരോധതാരം ചിങ്ക്‌ളൻ സന ചുവപ്പു കാർഡ് കണ്ട് പുറത്തായതോടെയാണ് അവർ പത്ത് പേരായി കളിച്ചത്. മോഹൻ ബഗാന്റെ ഡേവിഡ് വില്യംസിനെ ഫൗൾ ചെയ്തതിനാണ് സനയ്ക്ക് റഫറി ചുവപ്പു കാർഡ് വിധിച്ചത്. 

സമനിലയിലൂടെ ഹൈദരാബാദ് നാലാം സ്ഥാനത്തും മോഹൻ ബഗാൻ ഒന്നാം സ്ഥാനത്തും തുടരുന്നു. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോഴും ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞിരുന്നു. ഒരു ​ഗോളും ഒരു അസിസ്റ്റും നേടിയ ഹൈദരാബാദ് നായകൻ അരിഡാനെ സന്റാന മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു. 

പത്ത് പേരായി ചുരുങ്ങിയിട്ടും ഹൈദരാബാദ് എട്ടാം മിനിട്ടിൽ മോഹൻ ബഗാനെതിരേ ലീഡെടുത്തു. അരിഡാനെ സന്റാനയാണ് ടീമിനായി ഗോൾ നേടിയത്. മോഹൻ ബഗാൻ പ്രതിരോധതാരങ്ങളുടെ പിഴവിൽ നിന്നാണ് ഗോൾ പിറന്നത്. 

ഗോൾ വഴങ്ങിയതോടെ മോഹൻ ബഗാൻ ആക്രമിച്ച് കളിച്ചു. എന്നാൽ ഹൈദരാബാദ് അതിനെ നന്നായി തന്നെ പ്രതിരോധിച്ചു. പത്തുപേരായി ചുരുങ്ങിയിട്ടുപോലും ആക്രമിച്ച് കളിക്കാനാണ് ഹൈദരാബാദ് ശ്രമിച്ചത്. 

57ാം മിനിറ്റിൽ എടികെ മോഹൻ ബഗാൻ മത്സരത്തിലെ സമനില ഗോൾ നേടി. മുന്നേറ്റ താരം മൻവീർ സിങ്ങാണ് ടീമിനായി സമനില ഗോൾ കണ്ടെത്തിയത്. ഡേവിഡ് വില്യംസിന്റെ പാസ്സ് സ്വീകരിച്ച മൻവീർ ബോക്‌സിന്റെ വലതുവശത്തുനിന്നും തൊടുത്ത ഉഗ്രൻ കിക്ക് ഗോൾകീപ്പർ കട്ടിമണിയെ കീഴ്‌പ്പെടുത്തി വലയിൽ തുളച്ചു കയറി.  

ഗോൾ നേടിയതോടെ മോഹൻ ബഗാന്റെ ആവേശം പതിന്മടങ്ങ് വർധിച്ചു. ഇതോടെ ഹൈദരാബാദ് പ്രതിരോധം വിയർത്തു. എന്നാൽ ബഗാനെ ഞെട്ടിച്ചുകൊണ്ട് ഹൈദരാബാദ് വീണ്ടും മത്സരത്തിൽ മുന്നിൽ കയറി. 75-ാം മിനിട്ടിലാണ് ഗോൾ പിറന്നത്. 

പകരക്കാരനായി ഇറങ്ങിയ റോളണ്ട് ആൽബെർഗാണ് ടീമിനായി രണ്ടാം ഗോൾ നേടിയത്. പകരക്കാരനായി വന്ന ആദ്യ ടച്ചിൽ തന്നെ ഗോൾ നേടിക്കൊണ്ടാണ് ആൽബെർഗ് വരവറിയിച്ചത്. നായകൻ അരിഡാനെ സന്റാന ഹെഡ്ഡറിലൂടെ നൽകിയ പാസ് സ്വീകരിച്ച ആൽബെർഗ് പന്ത് അനായാസം വലയിലെത്തിച്ചു. ഇതോടെ സ്‌കോർ 2-1 എന്ന നിലയിലായി. ലിസ്റ്റൺ കൊളാസോയ്ക്ക് പകരമാണ് ആൽബെർഗ് ഗ്രൗണ്ടിലെത്തിയത്. 

ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റിൽ പ്രീതം കോട്ടാലാണ് മോഹൻ ബഗാന് വേണ്ടി രണ്ടാം ഗോൾ നേടി സമനില സമ്മാനിച്ചത്. കോർണർ കിക്കിൽ നിന്നാണ് ഗോൾ പിറന്നത്. ഡേവിഡ് ലൂയിസ് എടുത്ത കിക്ക് സ്വീകരിച്ച കോമൾ പന്ത് ബോക്‌സിലേക്ക് ഉയർത്തി നൽകി. ഇത് ഗോൾകീപ്പർ കട്ടിമണി തട്ടിയകറ്റി. എന്നാൽ പന്ത് നേരെ പ്രീതം കോട്ടാലിന്റെ കാലുകളിലേക്കാണ് എത്തിയത്. അദ്ദേഹം പന്ത് അനായാസം വലയിലെത്തിച്ച് സ്‌കോർ 2-2 എന്ന നിലയിലെത്തിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com