പഴി പറയുന്നതില്‍ എന്തു കാര്യം? ഏതു പിച്ചിലും കളിക്കാന്‍ ബാറ്റ്‌സ്മാനു കഴിയണം: ബെന്‍ സ്റ്റോക്‌സ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 22nd February 2021 10:46 AM |
Last Updated: 22nd February 2021 10:46 AM | A+A A- |

ബെന്‍ സ്‌റ്റോക്‌സ്/ഫയല്‍
അഹമ്മദാബാദ്: ഇന്ത്യയിലെ സ്പിന്‍ അനുകൂല പിച്ചുകളെക്കുറിച്ചുള്ള വിമര്‍ശനം തള്ളി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ്. ടെസ്റ്റ് കളിക്കുകയെന്നാല്‍ ഏതു തരത്തിലുള്ള പിച്ചുകളിലും കളിക്കാന്‍ തയാറാവുക എന്നാണെന്ന് സ്റ്റോക്‌സ് പറഞ്ഞു. പരമ്പരയിലെ അടുത്ത ടെസ്റ്റ് ബുധനാഴ്ച തുടങ്ങാനിരിക്കെയാണ്, പ്രതികരണം.
അഹമ്മദാബാദിലെ ഡേ നൈറ്റ് ടെസ്റ്റില്‍ പിച്ച് എങ്ങനെയായിരിക്കും എന്നു പറയാനാവില്ലെന്ന് ബെന്‍ സ്റ്റോക്‌സ് പറഞ്ഞു. പിച്ച് എങ്ങനെയായാലും നേരിടാന്‍ തയാറാവുക എന്നതാണ് ഒരു ടെസ്റ്റ് കളിക്കാരന്‍ ചെയ്യേണ്ടത്. ഏതു സാഹചര്യത്തെയും നേരിടാന്‍ തയാറായിരിക്കണം.
വിദേശത്തുനിന്നെത്തുന്നവര്‍ക്ക് നേടാന്‍ ഏറ്റവും പ്രയാസമുള്ള സ്ഥലങ്ങളിലൊന്നാണ് ഇന്ത്യ. എന്നാല്‍ ഇംഗ്ലണ്ടും അങ്ങനെ തന്നെയാണ്- ഡെയ്‌ലി മിററില്‍ എഴുതിയ കോളത്തില്‍ സ്‌റ്റോക്‌സ് പറഞ്ഞു. അതെല്ലാം കളിയുടെ ഭാഗമാണ്, അതാണ് കളിയുടെ വെല്ലുവിളി, അതിനെ നാം ഇഷ്ടപ്പെടുന്നു- സ്റ്റോക് പറഞ്ഞു.
ഇന്ത്യയിലെ സ്പിന്‍ അനുകൂല പിച്ചുകള്‍ക്കെതിരെ നേരത്തെ മൈക്കല്‍ വോണ്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. ഇത്തരം പിച്ചുകള്‍ ഒരുക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിനു നല്ലതാണോയെന്ന് വോണ്‍ ചോദിച്ചിരുന്നു.
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പര ഇപ്പോള്‍ 1-1 സമനിലയിലാണ്.