400 വിക്കറ്റും തകര്‍പ്പനൊരു റെക്കോര്‍ഡും വിരല്‍ത്തുമ്പില്‍; അശ്വിനെ കാത്ത് മൊട്ടേര
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 11:03 AM |
Last Updated: 23rd February 2021 11:21 AM | A+A A- |

ആര്‍ അശ്വിന്‍: ഫയല്‍ ചിത്രം
അഹമ്മദാബാദ്: ഇംഗ്ലണ്ടിന് എതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിലേക്ക് വരുമ്പോള്‍ അഹമ്മദാബാദിലെ മൊട്ടേര സ്‌റ്റേഡിയത്തില്‍ പേസര്‍മാര്‍ക്കാണ് മുന്‍തൂക്കം. എന്നാല്‍ ഇവിടെ പന്തില്‍ ടേണ്‍ ലഭിക്കാനുള്ള സാധ്യത ബെന്‍ സ്റ്റോക്ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ സാധ്യത മുന്‍പില്‍ കണ്ട് റെക്കോര്‍ഡ് നേട്ടത്തിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍.
400 വിക്കറ്റ് ക്ലബിലേക്ക് എത്താന്‍ അശ്വിന് ഇനി ആറ് വിക്കറ്റ് കൂടി മതി. 76 ടെസ്റ്റില്‍ നിന്ന് 394 വിക്കറ്റാണ് ഇപ്പോള്‍ അശ്വിന്റെ അക്കൗണ്ടിലുള്ളത്. വേഗത്തില്‍ 400 വിക്കറ്റ് ക്ലബിലേക്ക് എത്തുന്ന രണ്ടാമത്തെ താരം എന്ന നേട്ടമാണ് അശ്വിന്റെ മുന്‍പില്‍ വന്ന് നില്‍ക്കുന്നത്. 72 ടെസ്റ്റില്‍ നിന്ന് 400 വിക്കറ്റിലേക്ക് എത്തിയ മുത്തയ്യ മുരളീധരനാണ് ഇവിടെ ഒന്നാമത്.
ന്യൂസിലാന്‍ഡിന്റെ റിച്ചാര്‍ഡ് ഹാഡ്‌ലിയും, സൗത്ത് ആഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയ്‌നുമാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 400 വിക്കറ്റ് നേട്ടത്തിലേക്ക് എത്താന്‍ ഇരുവര്‍ക്കും വേണ്ടിവന്നത് 80 ടെസ്റ്റുകള്‍. മൊട്ടേരയിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ആറ് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ 77 ടെസ്റ്റില്‍ നിന്ന് ഈ നേട്ടത്തിലേക്ക് എത്തിയ താരം എന്ന റെക്കോര്‍ഡ് അശ്വിന്റെ പേരിലാവും.
400 വിക്കറ്റ് ക്ലബിലേക്ക് എത്തുന്ന ആറാമത്തെ സ്പിന്നറുമാവും അശ്വിന്‍. ഇന്ത്യന്‍ സ്പിന്നര്‍മാരില്‍ മൂന്നാമത്തെയാളും. അനില്‍ കുംബ്ലേ, ഹര്‍ഭജന്‍ സിങ് എന്നിവരാണ് അശ്വിന് മുന്‍പ് 400 വിക്കറ്റ് ക്ലബില്‍ ഇടംപിടിച്ച മറ്റുള്ളവര്‍. പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ മികവോടെ ഇന്ത്യന്‍ മണ്ണില്‍ കൂടുതല്‍ മികവ് കാണിച്ച സ്പിന്നര്‍മാരില്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് അശ്വിന്‍ മുന്‍പോട്ട് കയറിയിരുന്നു.
ടെസ്റ്റില്‍ ഇന്ത്യയില്‍ 266 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. അതും 45 ടെസ്റ്റില്‍ നിന്ന്. ശരാശരി 22.64. 62 കളിയില്‍ നിന്ന് 350 വിക്കറ്റുമായി അനില്‍ കുംബ്ലേയാണ് ഇവിടെ ഒന്നാമത്. ഫെബ്രുവരി 24നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മൂന്നാമത്തെ ടെസ്റ്റ് അഹമ്മദാബാദില്‍ ആരംഭിക്കുന്നത്.