'ലൈറ്റ് തെളിഞ്ഞതോടെ നെറ്റ്‌സില്‍ അപകടകാരികളായി, കൊതിയോടെ കാത്തിരിക്കുകയാണ് അവര്‍'; സ്‌റ്റോക്ക്‌സിന്റെ മുന്നറിയിപ്പ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 10:04 AM |
Last Updated: 23rd February 2021 10:04 AM | A+A A- |
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
അഹമ്മദാബാദ്: പരമ്പരയിലെ മൂന്നാം ടെസ്റ്റിനായി കൊതിയോടെ കാത്തിരിക്കുകയാണ് ഇംഗ്ലണ്ട് പേസര്‍മാരെന്ന് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ്. നെറ്റ് സെഷനില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ വലിയ അപകടകാരികളായി മാറിയെന്നും സ്റ്റോക്ക്‌സ് വെളിപ്പെടുത്തി.
ബ്രോഡും, ജിമ്മിയും, ജോഫ്രയും കൊതിയോടെ കാത്തിരിക്കുകയാണ്, ടോല്‍ക്ക്‌സ്‌പോര്‍ടിന് നല്‍കിയ അഭിമുഖത്തില്‍ സ്‌റ്റോക്ക്‌സ് പറഞ്ഞു. തീര്‍ത്തും വ്യത്യസ്തമായ കളിയാണ് അവരില്‍ നിന്ന് വന്നത്. മാച്ചിലേക്ക് എത്തുമ്പോള്‍ അതിന് സമാനമാവുമോ അവരുടെ കളിയെന്ന് ഉറപ്പിച്ച് പറയാനാവില്ല.
ലൈറ്റ്‌സ് ഓണ്‍ ആയി കഴിഞ്ഞുള്ള നെറ്റ് സെഷനില്‍ അവര്‍ വലിയ അപകടകാരികളായി മാറി. ബൗളര്‍മാരെ നെറ്റ്‌സില്‍ പന്തെറിയുന്നതില്‍ നിന്ന് തടയേണ്ടി വന്നു. കാരണം ബാറ്റ്‌സ്മാന്മാര്‍ക്ക് പരിക്കേല്‍ക്കുമെന്ന ഭയം അവിടെ ഉടലെടുത്തു. അവിടെ സ്പിന്നും ലഭിക്കും. എന്നാല്‍ എപ്പോഴാണ് സ്പിന്‍ ലഭിക്കുക എന്നതാണ് ചോദ്യം. കഴിഞ്ഞ ടെസ്റ്റില്‍ തുടക്കത്തില്‍ തന്നെ സ്പിന്‍ നേരിടേണ്ടി വന്നു. എന്നാല്‍ ഇത്തവണ അങ്ങനെയാവാന്‍ ഇടയില്ല, സ്റ്റോക്ക്‌സ് പറഞ്ഞു.
ഇന്ത്യക്കെതിരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കളിക്കുമ്പോള്‍ സ്പിന്‍ നമ്മള്‍ പ്രതീക്ഷിക്കണം. രണ്ടാം ടെസ്റ്റിലേതിന് സമാനമായി സന്തുലിതമായ ടീമുമായാണ് ഇന്ത്യ ഇറങ്ങുന്നത് എങ്കില്‍ അതിനെ നേരിടാന്‍ മാനസികമായി നമ്മള്‍ തയ്യാറായിരിക്കണം. സീമിന് പ്രാധാന്യം ലഭിക്കുകയാണ് എങ്കില്‍ ഇംഗ്ലീഷ് സാഹചര്യങ്ങള്‍ക്കായിരിക്കും മുന്‍തൂക്കം. സാഹചര്യങ്ങള്‍ പന്തിലൂടെ പരമാവധി മുതലെടുക്കാന്‍ ശ്രമിക്കുമെന്നും സ്റ്റോക്ക്‌സ് പറഞ്ഞു.