‘ലാലേട്ടാ‘ എന്ന് വിളിച്ച് ആർ അശ്വിന്റെ മറുപടി; തിരക്കിനിടയിലും ദൃശ്യം 2 കണ്ടതിന് നന്ദി പറഞ്ഞ് മോഹൻലാൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd February 2021 10:09 PM |
Last Updated: 23rd February 2021 10:09 PM | A+A A- |

ചിത്രം/ സോഷ്യൽ മീഡിയ
ചെന്നൈ: മോഹൻലാൽ നായകനായ മലയാള ചിത്രം ദൃശ്യം വലിയ പ്രേക്ഷക പിന്തുണ ലഭിച്ച് മുന്നേറുകയാണ്. ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ചിത്രത്തിന് വലിയ കൈയടിയാണ് ലഭിച്ചത്. ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനടക്കമുള്ള താരങ്ങളും സിനിമയെ പുകഴ്ത്തി രംഗത്തെത്തിയത് ശ്രദ്ധേയമായിരുന്നു.
ഇപ്പോഴിതാ താരത്തിന്റെ അഭിനന്ദന ട്വിറ്റർ പോസ്റ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ മറുപടി ട്വീറ്റ് ലാലേട്ടൻ എന്ന് അഭിസംബോധന ചെയ്ത് അശ്വിൻ റീട്വീറ്റ് ചെയ്തതും ഇപ്പോൾ വൈറലായി മാറി. രാജ്യാന്തര മത്സരങ്ങളുടെ തിരക്കിനിടയിലും ആദ്യ ആഴ്ച തന്നെ ദൃശ്യം 2 കാണാൻ സമയം കണ്ടെത്തിയ അശ്വിന് നന്ദിയറിയിച്ചാണ് മോഹൻലാൽ ട്വീറ്റ് ചെയ്തത്.
‘ദൃശ്യം 2ൽ മോഹൻലാൽ അവതരിപ്പിച്ച ജോർജ്കുട്ടി കോടതിക്കുള്ളിൽ സൃഷ്ടിച്ച ട്വിസ്റ്റ് കണ്ട് ഉച്ചത്തിൽ ചിരിച്ചുപോയി. ഇതുവരെ കാണാത്തവർ ദൃശ്യം ഒന്നു മുതൽ കാണുക. മികച്ച ചിത്രമാണ്. വളരെ മികച്ച ചിത്രം’ – ഇതായിരുന്നു അശ്വിൻ ട്വിറ്ററിൽ കുറിച്ച വാക്കുകൾ.
Lalettan https://t.co/Y9CBU4SZKo
— Ashwin (@ashwinravi99) February 23, 2021
പിന്നാലെയാണ് മോഹൻലാലിന്റെ മറുപടി. ‘വലിയ തിരക്കുകൾക്കിടയിലും ദൃശ്യം 2 കാണാനും അതേക്കുറിച്ച് നല്ല വാക്കുകൾ പറയാനും സമയം കണ്ടെത്തിയതിന് നന്ദി. താങ്കളുടെ ഈ പ്രവൃത്തി ഞങ്ങളുടെയെല്ലാം പ്രതീക്ഷകളെപ്പോലും മറികടന്നു. താങ്കളുടെ കരിയറിന് എല്ലാ ആശംസകളും’ – മോഹൻലാൽ കുറിച്ചു.
താരത്തിന്റെ ഈ നന്ദി ട്വീറ്റാണ് ‘ലാലേട്ടൻ’ എന്ന വിളിയോടെ അശ്വിൻ ഇന്ന് പങ്കുവച്ചത്. അശ്വിന്റെ രണ്ട് ട്വീറ്റുകളും ഇപ്പോൾ വൈറാലായി മാറിയിരിക്കുകയാണ്.
I laughed out loud when George Kutty @Mohanlal created that twist in the court #Drishyam2 . If you guys dint, please start all over again from #Drishyam1. Fabulous!! Just fabulous
— Ashwin (@ashwinravi99) February 21, 2021