കേരളത്തിന് തുടരെ മൂന്നാം ജയം; ഏഴ് റണ്‍സ് അകലെ വീണ് റെയില്‍വേസ്‌

കേരളം മുന്‍പില്‍ വെച്ച 351 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന റെയില്‍വേസിന്റെ ഇന്നിങ്‌സ് 344 റണ്‍സില്‍ അവസാനിച്ചു
ശ്രീശാന്ത്/ ഫെയ്സ്ബുക്ക്
ശ്രീശാന്ത്/ ഫെയ്സ്ബുക്ക്

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തുടരെ മൂന്നാം ജയം. റെയില്‍വേസിന് എതിരെ ഏഴ് റണ്‍സിനാണ് കേരളത്തിന്റെ ജയം. കേരളം മുന്‍പില്‍ വെച്ച 351 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന റെയില്‍വേസിന്റെ ഇന്നിങ്‌സ് 344 റണ്‍സില്‍ അവസാനിച്ചു. 

എട്ട് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സ് എന്ന നിലയിലേക്ക് റെയില്‍വേസ് വീണെങ്കിലും 32 പന്തില്‍ 58 റണ്‍സ് നേടി ഹര്‍ഷ് ത്യാഗിയും, 10 പന്തില്‍ 23 റണ്‍സ് നേടി അമിത് മിശ്രയും കേരളത്തെ അവസാന നിമിഷം അസ്വസ്ഥപ്പെടുത്തി. എന്നാല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി നിതീഷും, രണ്ട് വീതം വിക്കറ്റ് വീഴ്ത്തി ശ്രീശാന്തും, ബേസില്‍ തമ്പിയും, സച്ചിന്‍ ബേബിയും കേരളത്തിന്റെ ജയം ഉറപ്പിച്ചു. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന്റെ ഓപ്പണര്‍മാരുടെ സെഞ്ചുറിയാണ് കരുത്തായത്. റോബിന്‍ ഉത്തപ്പ വിജയ് ഹസാരെയില്‍ ഈ വര്‍ഷത്തെ തന്റെ രണ്ടാം സെഞ്ചുറി കണ്ടെത്തി. 104 പന്തില്‍ നിന്ന് എട്ട് ഫോറും അഞ്ച് സിക്‌സും പറത്തിയാണ് ഉത്തപ്പ സെഞ്ചുറി കണ്ടെത്തിയത്. 

പിന്നാലെ 107 പന്തില്‍ നിന്ന് വിഷ്ണു വിനോദും സെഞ്ചുറി കുറിച്ചു. 29 പന്തില്‍ നിന്ന് ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടിയ സഞ്ജുവിന്റെ ഇന്നിങ്‌സ് ആണ് കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. സഞ്ജുവും, സച്ചിന്‍ ബേബിയും തുടരെ മടങ്ങിയതിന് പിന്നാലെ കേരളം ബാക്ക്ഫൂട്ടിലേക്ക് വീണെങ്കിലും 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ വത്സല്‍ കേരള സ്‌കോര്‍ 350 കടത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com