പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം, അടിച്ചു തകര്‍ത്ത് സൂര്യകുമാര്‍ യാദവ്; 457 റണ്‍സ് വാരിക്കൂട്ടി മുംബൈ

പൃഥ്വി ഷായുടേയും സൂര്യകുമാര്‍ യാദവിന്റേടും വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 457 റണ്‍സ്
പൃഥ്വി ഷാ/ഫോട്ടോ: ട്വിറ്റര്‍
പൃഥ്വി ഷാ/ഫോട്ടോ: ട്വിറ്റര്‍

ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ പൃഥ്വി ഷായ്ക്ക് ഇരട്ട ശതകം. പുതുച്ചേരിക്കെതിരായ കളിയില്‍ 142 പന്തില്‍ നിന്നാണ് മുംബൈ നായകന്‍ ഇരട്ട ശതകം പിന്നിട്ടത്. പൃഥ്വി ഷായുടേയും സൂര്യകുമാര്‍ യാദവിന്റേടും വെടിക്കെട്ട് ബാറ്റിങ്ങിന്റെ ബലത്തില്‍ മുംബൈ നാല് വിക്കറ്റ് നഷ്ടത്തില്‍ കണ്ടെത്തിയത് 457 റണ്‍സ്. 

വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് മുംബൈ കണ്ടെത്തിയത്. പൃഥ്വി ഷായുടെ ലിസ്റ്റ് എ ക്രിക്കറ്റിലെ ആദ്യ ഇരട്ട ശതകമാണ് ഇത്. 50 ഓവര്‍ ക്രിക്കറ്റില്‍ ഇരട്ട ശതകത്തിലേക്ക് എത്തുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമായി പൃഥ്വി. മുംബൈയിലെ പൃഥ്വിയുടെ സഹതാരമായ യശസ്വിയാണ് അവസാനമായി ഇരട്ട ശതകത്തിലേക്ക് എത്തിയ ഇന്ത്യന്‍ താരം. 2019 വിജയ് ഹസാരെ ട്രോഫിയില്‍ യശസ്വി ജാര്‍ഖണ്ഡിനെതിരെ 203 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 

ഓപ്പണറായി യശസ്വിക്കൊപ്പം ഇറങ്ങിയ പൃഥ്വി ക്രീസ് വിടുമ്പോള്‍ 152 പന്തില്‍ നിന്ന് നേടിയത് 227 റണ്‍സ്. പറത്തിയത് 31 ഫോറും, അഞ്ച് സിക്‌സും. ലിസ്റ്റ് എ ക്രിക്കറ്റിലെ ഒരു ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോറാണ് പൃഥ്വി കണ്ടെത്തിയത്. 

കഴിഞ്ഞ കളിയില്‍ ഡല്‍ഹിക്കെതിരേയും പൃഥ്വി സെഞ്ചുറി നേടിയിരുന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഫോം നഷ്ടപ്പെട്ടതോടെ ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു പൃഥ്വി. ഐപിഎല്‍ സീസണിലും മികവ് കണ്ടെത്താന്‍ പൃഥ്വിക്കായിരുന്നില്ല. 

58 പന്തില്‍ 22 ഫോറും നാല് സിക്‌സും പറത്തിയാണ് സൂര്യകുമാര്‍ യാദവ് 133 റണ്‍സ് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ അതിവേഗത്തില്‍ 100 കണ്ടെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡും സൂര്യകുമാര്‍ യാദവ് സ്വന്തമാക്കി. 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com