സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നാല് പേസര്‍മാരുമായി ഇംഗ്ലണ്ട്; എന്തുകൊണ്ട്?

രണ്ട് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങിയത്. ഇംഗ്ലണ്ടാവട്ടെ ഇലവനില്‍ ഉള്‍പ്പെടുത്തിയത് നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും
സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നാല് പേസര്‍മാരുമായി ഇംഗ്ലണ്ട്; എന്തുകൊണ്ട്?

അഹമ്മദാബാദ്: രണ്ട് പേസര്‍മാരും മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ പിങ്ക് ബോള്‍ ടെസ്റ്റിന് ഇറങ്ങിയത്. ഇംഗ്ലണ്ടാവട്ടെ ഇലവനില്‍ ഉള്‍പ്പെടുത്തിയത് നാല് പേസര്‍മാരേയും ഒരു സ്പിന്നറേയും. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ എന്തുകൊണ്ട് ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് മുന്‍തൂക്കം നല്‍കിയെന്ന ചോദ്യമാണ് ഉയരുന്നത്.

ഇംഗ്ലണ്ട് പേസര്‍മാരായ ജെയിംസ് ആന്‍ഡേഴ്‌സന്‍, ജോഫ്ര ആര്‍ച്ചര്‍, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ പിങ്ക് ബോള്‍ ടെസ്റ്റിനായി കൊതിയോടെ കാത്തിരിക്കുന്നു എന്നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്ക്‌സ് പറഞ്ഞത്. എന്നാല്‍ കളി ആരംഭിക്കുന്നതിന് മുന്‍പ് രോഹിത് ശര്‍മ ചൂണ്ടിക്കാണിച്ചത് ചെന്നൈയിലെ പിച്ചിന് സമാനമാണ് മൊട്ടേരയിലേതും എന്നാണ്. 

പിങ്ക് ബോള്‍ ടെസ്റ്റുകളില്‍ ഇതുവരെ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് ലഭിച്ച മുന്‍തൂക്കം മുന്‍പില്‍ വെച്ചാണ് ഇംഗ്ലണ്ട് മൊട്ടേര ടെസ്റ്റിനുള്ള ഇലവനെ ഇറക്കിയത്. മൊട്ടേരയിലെ പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായി 15 രാത്രി പകല്‍ ടെസ്റ്റുകളാണ് നടന്നത്. അതില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍മാര്‍ വീഴ്ത്തിയത് 354 വിക്കറ്റ്. സ്പിന്നര്‍മാര്‍ വീഴ്ത്തിയത് 115 വിക്കറ്റ്. 

2019 നവംബറില്‍ ഈഡന്‍ ഗാര്‍ഡനിലാണ് ഇന്ത്യയില്‍ ആദ്യമായി രാത്രി പകല്‍ ടെസ്റ്റ് നടന്നത്. അന്നത്തെ ഈഡന്‍ ഗാര്‍ഡനിലെ പിച്ചിനേക്കാള്‍ വരണ്ടതാണ് മൊട്ടേരയിലെ പിച്ച്. 2001ന് ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ഇന്ത്യയില്‍ ഒരു സ്പിന്നറെ മാത്രം ഇറക്കി കളിക്കുന്നത്. 

മൊട്ടേരയിലെ ഒന്നാം ദിനം അവസാനിക്കുമ്പോള്‍ റൂട്ടിന്റെ നാല് പേസര്‍ തന്ത്രം പാളിയ നിലയിലാണ്. അക്‌സര്‍ പട്ടേലും അശ്വിനും ചേര്‍ന്ന് 9 വിക്കറ്റാണ് ആദ്യ ദിനം വീഴ്ത്തിയത്. എന്നാല്‍ ഇംഗ്ലണ്ട് പേസര്‍മാരുടെ സാധ്യതകള്‍ മൊട്ടേരയില്‍ തള്ളി കളയാറുമായിട്ടില്ല. സബര്‍മതി നദിയുടെ സാന്നിധ്യം വിക്കറ്റിലേക്ക് ഈര്‍പ്പം കൊണ്ടുവരുമെന്നും, ഇതിനാല്‍ വിക്കറ്റ് മാറ്റമില്ലാതെ തുടരുമെന്നുമാണ് ഇന്ത്യന്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചൂണ്ടിക്കാണിച്ചത്. ഇത് ഇംഗ്ലണ്ട് പേസര്‍മാര്‍ക്ക് സാധ്യത നല്‍കുന്നതാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com