ഓസ്‌ട്രേലിയക്കെതിരെ ഗപ്റ്റിലിന്റെ വെടിക്കെട്ട്; രോഹിത് ശര്‍മയുടെ റെക്കോര്‍ഡും കടപുഴക്കി

ഓസീസിന് എതിരെ രണ്ടാം ടി20യില്‍ 50 പന്തില്‍ നിന്ന് 97 റണ്‍സ് ആണ് ഗപ്റ്റില്‍ അടിച്ചെടുത്തത്
മാര്‍ട്ടിന്‍ ഗപ്റ്റില്‍/ഫോട്ടോ: ന്യൂസിലാന്‍ഡ് ക്രിക്കറ്റ്, ട്വിറ്റര്‍
മാര്‍ട്ടിന്‍ ഗപ്റ്റില്‍/ഫോട്ടോ: ന്യൂസിലാന്‍ഡ് ക്രിക്കറ്റ്, ട്വിറ്റര്‍

ഡ്യൂന്‍ഡിന്‍: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടി20യിലെ വെടിക്കെട്ടോടെ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് മറികടന്ന് ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗപ്റ്റില്‍. 96 മത്സരങ്ങളില്‍ നിന്ന് 132 സിക്‌സുകള്‍ എന്ന നേട്ടത്തിലേക്ക് എത്തിയാണ് രോഹിത്തിനെ ഗപ്റ്റില്‍ പിന്നിലേക്ക് മാറ്റി നിര്‍ത്തിയത്.

ഓസീസിന് എതിരെ രണ്ടാം ടി20യില്‍ 50 പന്തില്‍ നിന്ന് 97 റണ്‍സ് ആണ് ഗപ്റ്റില്‍ അടിച്ചെടുത്തത്. പറത്തിയത് എട്ട് സിക്‌സും ആറ് ഫോറും. ഇതോടെ ടി20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് പറത്തുന്ന ബാറ്റ്‌സ്മാന്‍ എന്ന നേട്ടം ഗപ്റ്റില്‍ സ്വന്തമാക്കി. 108 ടി20യില്‍ നിന്ന് 127 സിക്‌സ് ആണ് രോഹിത്തിന്റെ പേരിലുള്ളത്. 

97 കളിയില്‍ നിന്ന് 113 സിക്‌സുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മോര്‍ഗനാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. 107 സിക്‌സുമായി മണ്‍റോ നാലാമതും, 105 സിക്‌സുമായി ക്രിസ് ഗെയ്ല്‍ അഞ്ചാമതും നില്‍ക്കുന്നു. 58 കളിയില്‍ നിന്നാണ് ഗെയ്‌ലിന്റെ 105 സിക്‌സുകള്‍ എന്നതും ശ്രദ്ധേയമാണ്. 

രണ്ടാം ടി20യില്‍ ത്രില്ലിങ് ജയത്തിലേക്കാണ് ന്യൂസിലാന്‍ഡ് എത്തിയത്. കിവീസ് ഉയര്‍ത്തി 219 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസീസിന് 15 റണ്‍സ് ആണ് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നീഷാം അവസാന ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ഓസീസിന് തടയിട്ടു. നാല് റണ്‍സിനാണ് കിവീസ് ജയിച്ച് കയറി 5 ടി20യുടെ പരമ്പരയില്‍ 2-0ന് മുന്‍പിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com