ഇന്ത്യയെ എറിഞ്ഞിട്ട് റൂട്ടും ലീച്ചും, 145ന് ഓള്‍ഔട്ട്; 33 റണ്‍സ് ലീഡ്‌

മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ജാക്ക് ലീച്ചും, ജോ റൂട്ടും ചേര്‍ന്നാണ് തകര്‍ത്തിട്ടത്
ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍
ജോ റൂട്ട്/ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍

അഹമ്മദാബാദ്: പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ 145 റണ്‍സിന് ഓള്‍ഔട്ട്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 99 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയെ ജാക്ക് ലീച്ചും, ജോ റൂട്ടും ചേര്‍ന്നാണ് തകര്‍ത്തിട്ടത്. 

റൂട്ട് അഞ്ച് വിക്കറ്റും, ജാക്ക് ലീച്ച്  നാല് വിക്കറ്റും വീഴ്ത്തി. 32 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. രണ്ടാം ദിനം 7 റണ്‍സ് എടുത്ത് നിന്ന രഹാനെയെ മടക്കി ജാക്ക് ലീച്ച് ആണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കൃത്യമായ ഇടവേളകളില്‍ ഇന്ത്യയുടെ വിക്കറ്റ് വീണുകൊണ്ടിരുന്നു. 

96 പന്തില്‍ നിന്ന് 11 ഫോറിന്റെ അകമ്പടിയോടെ 66 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാമത്തെ ഉയര്‍ന്ന സ്‌കോര്‍ 27 റണ്‍സ് നേടിയ കോഹ് ലിയുടേയും. അശ്വിന്‍ 17 റണ്‍സും, ഗില്‍ 11 റണ്‍സും, ഇഷാന്ത് 10 റണ്‍സും നേടി. മറ്റ് ബാറ്റ്‌സ്മാന്മാര്‍ക്ക് രണ്ടക്കം കണ്ടെത്താനായില്ല. 

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 112 റണ്‍സിന് ഇന്ത്യ പുറത്താക്കിയിരുന്നു. ആറ് വിക്കറ്റ് നേടി അക്‌സര്‍ പട്ടേലും, മൂന്ന് വിക്കറ്റുമായി അശ്വിനും നിന്നാണ് ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ തകര്‍ത്തിട്ടത്. എന്നാല്‍ ആദ്യ ദിനം രോഹിത്-കോഹ് ലി കൂട്ടുകെട്ട് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയിരുന്നു. 

34-2ല്‍ നിന്നും രോഹിത്തും കോഹ് ലിയും ചേര്‍ന്ന് ഇന്ത്യയെ മുന്‍പോട്ട് കൊണ്ടുപോകവെയാണ് ഒന്നാം ദിവസത്തെ അവസാനത്തെ ഡെലിവറിയില്‍ ലീച്ച് കോഹ് ലിയെ മടക്കിയത്. പിടിച്ചു നില്‍ക്കാന്‍ പാകത്തില്‍ പിന്നെയൊരു കൂട്ടുകെട്ട് ഇന്ത്യന്‍ നിരയിലുണ്ടായില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com