32 പന്തില്‍ ഉത്തപ്പയുടെ 87; ബിഹാറിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം; 8.5 ഓവറില്‍ 149

ആദ്യം 148 റണ്‍സിന് തകര്‍ത്തെറിഞ്ഞതിന് പിന്നാലെ കേരളത്തിന്റെ ബാറ്റിങ് ചൂടറിയുകയായിരുന്നു ബിഹാര്‍
ഉത്തപ്പ/ ട്വിറ്റർ
ഉത്തപ്പ/ ട്വിറ്റർ

ബംഗളൂരു: ബിഹാറിനെതിരെ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് കേരളത്തിന് ഉജ്വല ജയം. ആദ്യം 148 റണ്‍സിന് തകര്‍ത്തെറിഞ്ഞതിന് പിന്നാലെ കേരളത്തിന്റെ ബാറ്റിങ് ചൂടറിയുകയായിരുന്നു ബിഹാര്‍. റോബിന്‍ ഉത്തപ്പ നിറഞ്ഞാടിയതോടെ 8.5 ഓവറില്‍ കേരളം ജയം പിടിച്ചു. 

വിജയ റണ്‍ നേടുമ്പോള്‍ 17.08 എന്ന കൂറ്റന്‍ റണ്‍റേറ്റിലായിരുന്നു കേരളം. 32 പന്തില്‍ 87 റണ്‍സ് ആണ് ഉത്തപ്പ അടിച്ചെടുത്തത്. പറത്തിയത് നാല് ഫോറും 10 സിക്‌സും. വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ 5 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ നാലിലും മിന്നുന്ന ബാറ്റിങ്ങാണ് ഉത്തപ്പയില്‍ നിന്ന് വന്നത്. 

149 റണ്‍സ് എന്ന കുഞ്ഞന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന കേരളം ആദ്യ പന്ത് മുതല്‍ അടിച്ചു കളിച്ചു. 12 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും പറത്തി വിഷ്ണു വിനോദ് 37 റണ്‍സിന് മടങ്ങിയിട്ടും കേരളം ബാക്ക്ഫൂട്ടിലേക്ക് പോയില്ല. 

സഞ്ജുവിനെ ഒരറ്റത്ത് നിര്‍ത്തി ഉത്തപ്പ തകര്‍ത്തടിച്ചു. 9 പന്തില്‍ സഞ്ജു 2 ഫോറും 2 സിക്‌സും പറത്തി 24 റണ്‍സ് നേടി. നേരത്തെ ടോസ് നേടി ബിഹാറിനെ ബാറ്റിങ്ങിന് അയച്ച കേരളത്തിന് ബൗളിങ്ങില്‍ ശ്രീശാന്താണ് മികച്ച തുടക്കം നല്‍കിയത്. ബിഹാര്‍ സ്‌കോര്‍ 2 റണ്‍സിലേക്ക് എത്തിയപ്പോള്‍ തന്നെ രണ്ട് ഓപ്പണര്‍മാരേയും ശ്രീശാന്ത് കൂടാരം കയറ്റി. ശ്രീശാന്ത് നാലും, സക്‌സേന മൂന്നും വിക്കറ്റ് വീഴ്ത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com