'നയിക്കാനായി പിറന്ന മനുഷ്യനാണ്', രഹാനെയെ പ്രശംസയില്‍ മൂടി ഇയാന്‍ ചാപ്പല്‍ 

ക്രിക്കറ്റ് ടീമുകളെ നയിക്കാനായി പിറന്ന മനുഷ്യന്‍ എന്നാണ് രഹാനെയെ ഇയാന്‍ ചാപ്പല്‍ വിശേഷിപ്പിക്കുന്നത്
മെല്‍ബണില്‍ സെഞ്ചുറി നേടിയ രഹാനയെ സ്റ്റീവ് സ്മിത്ത് അഭിനന്ദിക്കുന്നു/ഫോട്ടോ: എപി
മെല്‍ബണില്‍ സെഞ്ചുറി നേടിയ രഹാനയെ സ്റ്റീവ് സ്മിത്ത് അഭിനന്ദിക്കുന്നു/ഫോട്ടോ: എപി

മെല്‍ബണ്‍: രഹാനെയുടെ നായകത്വത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ ഇയാന്‍ ചാപ്പല്‍. ക്രിക്കറ്റ് ടീമുകളെ നയിക്കാനായി പിറന്ന മനുഷ്യന്‍ എന്നാണ് രഹാനെയെ ഇയാന്‍ ചാപ്പല്‍ വിശേഷിപ്പിക്കുന്നത്. 

മെല്‍ബണില്‍ പിഴവുകളില്ലാതെ രഹാനെ ഇന്ത്യയെ നയിച്ചതില്‍ ഒരു അത്ഭുതവും ഇല്ല. 2017ല്‍ ധര്‍മശാലയില്‍ ഉത്തരവാദിത്വം ഏറ്റെടുത്ത രഹാനയെ കണ്ട ഏതൊരാള്‍ക്കും മനസിലാവും ക്രിക്കറ്റ് ടീമുകളെ നയിക്കാനായി പിറന്നതാണ് രഹാനെയെന്ന്...ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയിലെ കോളത്തിലാണ് ഇയാന്‍ ചാപ്പല്‍ രഹാനയെ പ്രശംസിച്ച് എഴുതുന്നത്. 

2017ലെ ആ കളിയും, എംസിജെയിലെ കളിയും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. രണ്ടും കരുത്തരായ ടീമുകളുടെ പോര്. ലോവര്‍ ഓര്‍ഡര്‍ ബാറ്റിങ്ങില്‍ രവീന്ദ്ര ജഡേജയില്‍ നിന്ന് മൂല്യമേറിയ ഇന്നിങ്‌സ്. വിജയ ലക്ഷ്യം ഉയര്‍ത്തുന്നതിലേക്കായി രഹാനെയുടെ ആക്രമണോത്സുകത നിറഞ്ഞ ബാറ്റിങ്..

സെഞ്ചുറി കൂട്ടുകെട്ടുമായി ഡേവിഡ് വാര്‍ണറും, സ്റ്റീവ് സ്മിത്തും ക്രീസില്‍ നില്‍ക്കുമ്പോഴാണ് അരങ്ങേറ്റക്കാരനായ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ കൈകളിലേക്ക് രഹാനെ പന്ത് നല്‍കിയത്. രഹാനെ എന്റെ ശ്രദ്ധ പിടിച്ച നിമിഷം അതായിരുന്നു. ധീരമായ നീക്കമായിരുന്നു അത്. അത് വളരെ സ്മാര്‍ട്ട് ആയ തീരുമാനവുമായി. വാര്‍ണരെ ഫസ്റ്റ് സ്ലിപ്പില്‍ കുല്‍ദീപ് രഹാനെയുടെ കൈകളില്‍ എത്തിച്ചു, ഇയാന്‍ ചാപ്പല്‍ എഴുതുന്നു. 

കാര്യങ്ങള്‍ കൈവിട്ട് പോവുമ്പോഴും ശാന്തനാണ് രഹാനെ. ടീം അംഗങ്ങളുടെ ബഹുമാനം രഹാനെ നേടുന്നു. നല്ല ക്യാപ്റ്റന്‍സിയുടെ പ്രധാന ഘടകം അതാണ്. ടീമിന് റണ്‍സ് വേണ്ടപ്പോള്‍ രഹാനെ അത് നേടുന്നതായും ഇയാന്‍ ചാപ്പല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com