'രണ്ട് ബ്ലോക്കുകള്‍ കൂടി നീക്കണം, ശസ്ത്രക്രിയക്ക് വിധേയനാക്കില്ല, രാജ്യത്തെ ഹൃദ്രോഗ വിദഗ്ധരില്‍ നിന്ന് അഭിപ്രായം തേടുന്നു'

മൂന്ന് ഹൃദയധമനികളിലാണ് ബ്ലോക്കുണ്ടായിരുന്നത്. ഇതിലെ പ്രധാന ഹൃദയധമനിയിലെ ബ്ലോക്കാണ് ശനിയാഴ്ച നീക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം
സൗരവ് ഗാംഗുലി/ഫയല്‍ ചിത്രം

കൊല്‍ക്കത്ത: ഇന്ത്യന്‍ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടേണ്ടതായി നിലവില്‍ ഒന്നുമില്ലെന്ന് വുഡ്‌ലാന്‍ഡ് ഹോസ്പിറ്റല്‍ സിഇഒ രുപാലി ബസു. മൂന്ന് ഹൃദയധമനികളിലാണ് ബ്ലോക്കുണ്ടായിരുന്നത്. ഇതിലെ പ്രധാന ഹൃദയധമനിയിലെ ബ്ലോക്കാണ് ശനിയാഴ്ച നീക്കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. 

ഇന്ന് രാവിലെ ഗാംഗുലിയോട് സംസാരിച്ചു. ഭാര്യ ഡോണയും സഹോദരനും അദ്ദേഹത്തിനൊപ്പമുണ്ട്. ഞാന്‍ കാണുമ്പോള്‍ പ്രഭാത ഭക്ഷണം കഴിക്കുകയാണ് ഗാംഗുലി. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഈ നിമിഷം ഒരു വിധത്തിലുള്ള അപകടവുമില്ല, ഡോക്ടര്‍ ബസു പറഞ്ഞു. 

ശനിയാഴ്ച 11 മണിയോടെയാണ് ബുദ്ധിമുട്ട് നേരിട്ടത്. ആശുപത്രിയില്‍ എത്തിയത് ഒരുമണിയോടേയും. പരിശോധനയില്‍ അദ്ദേഹത്തിന്റെ ഹൃദയം ശരിയായ വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തി. പ്രധാന ഹൃദയധമനിയില്‍ ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. ഇനി രണ്ട് ബ്ലോക്ക് കൂടിയുണ്ട്. അത് റിവാസ്‌കുലറൈസ് ചെയ്യുകയാണ് ഇനി വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. 

നിലവില്‍ ശസ്ത്രക്രിയയെ കുറിച്ച് ആലോചിക്കുന്നില്ല. രാജ്യത്തെ മികച്ച കാര്‍ഡിയോളജിസ്റ്റുമാരില്‍ നിന്നും വിദഗ്ധ അഭിപ്രായം തേടുന്നുണ്ട്. ആ രണ്ട് ബ്ലോക്കില്‍ എന്താണ് ചെയ്യേണ്ടത് എന്ന് ആലോചിച്ചതിന് ശേഷം ചെയ്യും. രണ്ട് ബ്ലോക്കുകള്‍ കൂടി നീക്കിയതിന് ശേഷം 3-4 ആഴ്ചത്തെ വിശ്രമത്തോടെ സാധാരണ ജീവിതത്തിലേക്ക് അദ്ദേഹത്തിന് മടങ്ങിയെത്താനാവുമെന്നും ഡോ ബസു പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com