'നാലാം ടെസ്റ്റ് ഇന്ത്യ ബഹിഷ്‌കരിക്കില്ല, കളിക്കും; ബിസിസിഐ നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല'- നിലപാട്  വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ

'നാലാം ടെസ്റ്റ് ഇന്ത്യ ബഹിഷ്‌കരിക്കില്ല, കളിക്കും; ബിസിസിഐ നിര്‍ദ്ദേശങ്ങളൊന്നും വന്നിട്ടില്ല'- നിലപാട്  വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ
ബ്രിസ്ബെയ്ൻ ​ഗ്രൗണ്ട്/ ട്വിറ്റർ
ബ്രിസ്ബെയ്ൻ ​ഗ്രൗണ്ട്/ ട്വിറ്റർ

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ബ്രിസ്‌ബെയ്‌നില്‍ മുന്‍ നിശ്ചയിച്ചപ്രകാരം തന്നെ നടക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ക്വാറന്റൈന്‍ നിയമങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം മത്സരം ബഹിഷ്‌കരിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത് വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ രംഗത്തെത്തിയത്. ഈ മാസം 15 മുതലാണ് നാലാം ടെസ്റ്റ്. 

നിലവില്‍ ഇക്കാര്യം സംബന്ധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഔദ്യോഗികമായി ഒരു നിര്‍ദ്ദേശങ്ങളും ഇതുവരെ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ താത്കാലിക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നിക്ക് ഹോക്ക്‌ലി പറഞ്ഞു. ബിസിസിഐ അധികൃതരുമായി ദിവസവും ആശയവിനിമയം നടത്താറുണ്ട്. ബ്രിസ്‌ബെയ്‌നില്‍ ഇന്ത്യന്‍ ടീമിന് വേണ്ട കാര്യങ്ങളെന്തൊക്കെയാണെന്ന് കഴിഞ്ഞ 24 മണിക്കൂറിനിടെ ചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി. 

ബ്രിസ്‌ബെയ്‌നിലെത്തുന്ന താരങ്ങളെ ഹോട്ടല്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകളെല്ലാം  അടിസ്ഥാനരഹിതമാണ്. രാവിലെ 8-9 മണി മുതല്‍ വൈകീട്ട് 6-7 മണിവരെ താരങ്ങള്‍ മൈതാനത്തായിരിക്കും. അതിന് ശേഷം വിശ്രമിക്കാനെത്തുന്ന താരങ്ങള്‍ക്ക് അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍ നടത്തുന്നതിനൊന്നും ഒരു വിലക്കമില്ലെന്നും ഹോക്ക്‌ലി വ്യക്തമാക്കി. 

ഐപിഎല്ലിനും പിന്നാലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തിയപ്പോള്‍ ക്വാറന്റൈന്‍ ഇരുന്നതിന്റെ പശ്ചാത്തലത്തില്‍ നാലാം ടെസ്റ്റിന് മുന്നോടിയായി ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശത്തെ ഇന്ത്യന്‍ താരങ്ങള്‍ എതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. നിയമം പിന്തുടരാന്‍ താത്പര്യം ഇല്ലെങ്കില്‍ ബ്രിസ്‌ബെയ്‌നിലേക്ക് വരരുതെന്ന് ക്യൂന്‍സ്‌ലാന്‍ഡ് ലെജിസ്ലേറ്റീവ് അസംബ്ലി അംഗം റോസ് ബെറ്റ്‌സ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം വിവാദമായത്.

നിയമം എല്ലാവര്‍ക്കും ബാധകമാണ്, ഇന്ത്യയുടെ പരാതി പരിഗണിക്കുന്നില്ലെന്നും ക്യൂന്‍സ് ലാന്‍ഡ് കായിക മന്ത്രി തിം മാന്‍ഡറും വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ മത്സരം നിശ്ചയിച്ചപ്രകാരം അരങ്ങേറുമെന്ന് വ്യക്തമാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com