ഒരു മാസത്തിനിടയിലെ രണ്ടാം ഇരട്ട ശതകം, വേഗത്തില്‍ 7000 റണ്‍സ്; വില്യംസണ്‍ അടങ്ങുന്നില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th January 2021 11:58 AM |
Last Updated: 05th January 2021 12:46 PM | A+A A- |

പാകിസ്ഥാനെതിരെ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ കെയ്ന്‍ വില്യംസണും ഹെന്‍ റി നികോള്‍സും/ഫോട്ടോ: എപി
ക്രൈസ്റ്റ്ചര്‍ച്ച്: ഒരു മാസത്തിന് ഇടയിലെ രണ്ടാമത്തെ ഇരട്ട ശതകം പിന്നിട്ടതിന് പിന്നാലെ ടെസ്റ്റിലെ റണ്‍വേട്ട 7000 കടത്തി ന്യൂസിലാന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ 238 റണ്‍സ് എടുത്താണ് വില്യംസണ്‍ മടങ്ങിയത്.
ടെസ്റ്റില്‍ 7000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം കിവീസ് താരമാണ് വില്യംസണ്‍. റോസ് ടെയ്‌ലര്‍, ഫ്‌ളെമിങ് എന്നിവരാണ് ഇതിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവര്‍. എന്നാല്‍ ടെയ്‌ലര്‍, ഫ്‌ളെമിങ് എന്നിവരേക്കാള്‍ വേഗത്തില്‍ 7000 റണ്‍സ് കണ്ടെത്താന്‍ വില്യംസണിനായി. 144 ഇന്നിങ്‌സ് ആണ് കിവീസ് നായകന് ഇതിനായി വേണ്ടിവന്നത്.
വിന്‍ഡിസിന് എതിരായ ആദ്യ ടെസ്റ്റില്‍ വില്യംസണ്‍ ഇരട്ട ശതകം നേടിയിരുന്നു. രണ്ടാം ടെസ്റ്റ് കളിച്ചില്ല. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റില്‍ വില്യംസണ്‍ സെഞ്ചുറി നേടി. രണ്ടാമത്തെ ടെസ്റ്റില്‍ നേടിയ സെഞ്ചുറി ഇരട്ട ശതകത്തിലേക്ക് ഉയര്‍ത്തിയും വില്യംസണ്‍ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം ആഘോഷിക്കുന്നു.
ഡിസംബര്‍ മൂന്നിനാണ് വില്യംസണ്‍ വിന്‍ഡിസിനെതിരെ 251 റണ്‍സ് സ്‌കോര്‍ ചെയ്തത്. പാകിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ ഇരട്ട ശതകത്തിലേക്ക് എത്തിയപ്പോള്‍ വില്യംസണ്‍ ക്രീസില്‍ നിന്നത് ഒന്‍പതര മണിക്കൂര്‍. നേരിട്ടത് 364 ഡെലിവറിയും. 28 ബൗണ്ടറികള്‍ കിവീസ് നായകന്റെ ബാറ്റില്‍ നിന്ന് വന്നു.
ആറ് വിക്കറ്റ് നഷ്ടത്തില്‍ 659 എന്ന സ്‌കോറിലാണ് ന്യൂസിലാന്‍ഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. ഹെന്‍ റി നിക്കോള്‍സും, ഡാരിയല്ലും കിവീസ് നിരയില്‍ സെഞ്ചുറി നേടി. ഇന്നിങ്‌സ് തോല്‍വി ഒഴിവാക്കാന്‍ പാകിസ്ഥാന് ഇനി 354 റണ്‍സ് കൂടി വേണം.