ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമത്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് തൊട്ടടുത്ത്; പാകിസ്ഥാനേയും വൈറ്റ് വാഷ് ചെയ്ത് ന്യൂസിലാന്‍ഡ് കുതിക്കുന്നു 

പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടി ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് ന്യൂസിലാന്‍ഡ്
പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് ആഘോഷിക്കുന്ന ന്യൂസിലാന്‍ഡ് പേസര്‍ ജാമിസന്‍/ഫോട്ടോ: എപി
പാകിസ്ഥാന്‍ താരം മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് ആഘോഷിക്കുന്ന ന്യൂസിലാന്‍ഡ് പേസര്‍ ജാമിസന്‍/ഫോട്ടോ: എപി

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്ഥാനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സ് ജയം നേടി ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ച് ന്യൂസിലാന്‍ഡ്. ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് പാകിസ്ഥാനെ വില്യംസണും കൂട്ടരും തകര്‍ത്തുവിട്ടത്. 

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന്‍ 186 റണ്‍സിന് ഓള്‍ഔട്ട് ആയി. ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയും രണ്ടാം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും നേടിയ കെയ്ന്‍ വില്യംസണാണ് പരമ്പരയിലെ താരം. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യമായാണ് ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനം പിടിക്കുന്നത്. 

വിന്‍ഡിസിനെതിരെ 2-0ന് പരമ്പര തൂത്തുവാരിയതിന് പിന്നാലെയാണ് പാകിസ്ഥാനേയും ന്യൂസിലാന്‍ഡ് വൈറ്റ് വാഷ് ചെയ്യുന്നത്. ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജാമിസണ്‍ തന്നെയാണ് രണ്ടാം ഇന്നിങ്‌സിലും പാകിസ്ഥാന്റെ അന്തകരായത്. ആറ് വിക്കറ്റാണ് രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡിന്റെ ഭാവി പേസര്‍ പിഴുതത്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് എത്തുമ്പോള്‍ മൂന്നാം സ്ഥാനത്താണ് ന്യൂസിലാന്‍ഡ്. എന്നാല്‍ തുടരെയുള്ള രണ്ട് പരമ്പര ജയങ്ങള്‍ ന്യൂസിലാന്‍ഡിന്റെ പോയിന്റ് ശതമാനം ഇന്ത്യയുടെ അടുത്തേക്ക് എത്തിച്ചു. 0.70 ആണ് ന്യൂസിലാന്‍ഡിന്റെ ഇപ്പോഴത്തെ പോയിന്റ് ശതമാനം. ഇന്ത്യയുടേത് 0.722. 

ഓസ്‌ട്രേലിയക്കെതിരായ ഇനി വരുന്ന ഇന്ത്യയുടെ രണ്ട് ടെസ്റ്റും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. 118 റേറ്റിങ്ങുമായാണ് ന്യൂസിലാന്‍ഡ് ഐസിസി ടെസ്റ്റ് റാങ്കിങ്ങിലേക്ക് എത്തുമ്പോള്‍ ഒന്നാം സ്ഥാനം പിടിക്കുന്നത്. 116 റേറ്റിങ്ങാണ് ഓസ്‌ട്രേലിയക്കുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് 114 റേറ്റിങ്ങും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com