ആളുണ്ടോ ഗോള്‍ വല കുലുക്കാന്‍! രണ്ടാം ജയം തേടി ഒഡീഷക്കെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് 

11 ടീമുകളുടെ ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ് ഒഡിഷ. ബ്ലാസ്റ്റേഴ്‌സ് പത്താമതും
കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌
കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പരിശീലനത്തില്‍/ഫോട്ടോ: കേരള ബ്ലാസ്റ്റേഴ്‌സ്, ഫെയ്‌സ്ബുക്ക്‌

ബാംബോലിന്‍: കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് സീസണിലെ ഒന്‍പതാം മത്സരം. നിലവില്‍ ടൂര്‍ണമെന്റിലെ രണ്ട് അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോരായും ഇത് മാറി. 11 ടീമുകളുടെ ടൂര്‍ണമെന്റില്‍ അവസാന സ്ഥാനത്താണ് ഒഡിഷ. ബ്ലാസ്റ്റേഴ്‌സ് പത്താമതും. 

സീസണിലെ രണ്ടാം ജയമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ലക്ഷ്യം. സീസണില്‍ ഇതുവരെ ഒരു ജയം പോലും ഒഡീഷയ്ക്ക് നേടാനായിട്ടില്ല. മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് മുന്‍പിലുള്ള നല്ല അവസരമാണ് ഒഡീഷയ്‌ക്കെതിരായ മത്സരം. ഗോള്‍ സ്‌കോര്‍ ചെയ്യാനുള്ള വഴിയാണ് ബ്ലാസ്‌റ്റേഴ്‌സിന് കണ്ടെത്തേണ്ടത്. 

സീസണില്‍ ഇതുവരെ എട്ട് ഗോളുകളാണ് ബ്ലാസ്‌റ്റേഴ്‌സ് നേടിയത്. അതിലും കുറവ് ഗോളുകള്‍ നേടിയത് ഒഡീഷയാണ്. എട്ട് ഗോളില്‍ ഏഴും ബ്ലാസ്‌റ്റേഴ്‌സിനായി കണ്ടെത്തിയത് ഏഴ് കളിക്കാരാണ്. കഴിഞ്ഞ കളിയില്‍ മുംബൈ സിറ്റിക്കെതിരേയും അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്ന് നിന്നു. 

അവസരങ്ങള്‍ സൃഷ്ടിക്കാനായതാണ് നല്ല കാര്യം. എന്നാല്‍ സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതാണ് മോശം കാര്യം, ഒഡീഷയ്‌ക്കെതിരായ മത്സരത്തിന് മുന്‍പ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികുന പറഞ്ഞു. ഒഡീഷയെ നിസാരരായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഈസ്റ്റ് ബംഗാളിന് എതിരായ കഴിഞ്ഞ കളി അവര്‍ തോല്‍ക്കേണ്ടതായിരുന്നില്ല. അവര്‍ക്ക് നല്ല കളിക്കാരുണ്ട്. നല്ല കളിക്കായാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അവസരങ്ങള്‍ സൃഷ്ടിക്കാനും അത് പ്രയോജനപ്പെടുത്താനും ശ്രമിക്കുമെന്നും വികുന പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com