ബ്രേക്ക് കിട്ടാതെ ഉഴറിയ ഇന്ത്യയെ തോളിലേറ്റി സെയ്‌നി; അരങ്ങേറ്റക്കാരന്റെ വിക്കറ്റ് അരങ്ങേറ്റക്കാരന്
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th January 2021 12:23 PM |
Last Updated: 07th January 2021 12:23 PM | A+A A- |
സിഡ്‌നി: മൂന്നാം ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ അരങ്ങേറ്റക്കാരനെ വീഴ്ത്തി മറ്റൊരു അരങ്ങേറ്റക്കാരന്‍. അര്‍ധ ശതകം പിന്നിട്ട് നിന്നിരുന്ന ഓസ്‌ട്രേലിയയുടെ അരങ്ങേറ്റക്കാരന്‍ വില്‍ പുകോവ്‌സ്‌കിയുടെ വിക്കറ്റ് ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ നവ്ദീപ് സെയ്‌നി വീഴ്ത്തി.
ലാബുഷെയ്‌നിനൊപ്പം നിന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് പുകോവ്‌സ്‌കിയെ സെയ്‌നി കൂടാരം കയറ്റിയത്. 35ാം ഓവറിലെ രണ്ടാമത്തെ ഡെലിവറിയില്‍ സെയ്‌നി പുകോവ്‌സ്‌കിയെ വിക്കറ്റിന് മുന്‍പില്‍ കുടുക്കുകയായിരുന്നു.
സെയ്‌നിയുടെ ഡെലിവറിയില്‍ ഫഌക് ചെയ്യാനായിരുന്നു പുകോവ്‌സ്‌കിയുടെ ശ്രമം. എന്നാല്‍ പന്ത് മിസ് ആവുകയും പാഡില്‍ കൊള്ളുകയും ചെയ്തു. ഇന്ത്യയുടെ അപ്പീലില്‍ അമ്പയര്‍ ഔട്ട് വിധിച്ചു. റിവ്യു എടുക്കാതെ പുകോവ്‌സ്‌കി മികച്ചൊരു ഇന്നിങ്‌സ് പാതി വഴിയില്‍ അവസാനിപ്പിച്ച് പവലിയനിലേക്ക് മടങ്ങി.
110 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് എടുത്താണ് പുകോവ്‌സ്‌കി മടങ്ങിയത്. 39 ഓവറിലേക്ക് ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് എത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍ ഇപ്പോള്‍. 102 പന്തില്‍ നിന്ന് 42 റണ്‍സുമായി ലാബുഷെയ്‌നും, 15 റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍.