ബ്ലാസ്റ്റേഴ്‌സ് പിന്നെയും തോറ്റു

രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് എഫ്‌സി ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്തത്‌ 
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍
ഐഎസ്എല്‍ ഫുട്‌ബോള്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷ എഫ്‌സി മത്സരത്തിനിടെ/ ചിത്രം ട്വിറ്റര്‍

ബംബോലിം: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത് ഒഡീഷ എഫ്‌സി. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് എഫ്‌സിയുടെ വിജയം. ഐപിഎല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ഏഴാം തോല്‍വിയാണ്. ഒഡീഷയ്ക്ക്ായി ഡിയാഗോ മൗറീഷ്യ ഇരട്ട ഗോളുകള്‍ നേടി. 

മത്സരത്തില്‍ ആദ്യം ലീഡെടഡുത്തെങ്കിലും പ്രതിരോധപ്പിഴവില്‍ പിന്നീട് നാലു ഗോളുകള്‍ വഴങ്ങിയാണ് ബ്ലാസ്‌റ്റേഴ്‌സ് തോറ്റു മടങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ പത്താം സ്ഥാനത്ത് തുടരുമ്പോള്‍ ജയത്തോടെ അവസാന സ്ഥാനത്തുള്ള ഒഡീഷ ബ്ലാസ്‌റ്റേഴ്‌സുമായുള്ള വ്യത്യാസം ഒരു പോയന്റാക്കി കുറച്ചു.

ഏഴാം മിനിറ്റില്‍ ജോര്‍ദ്ദാന്‍ മറെയിലൂടെ ആദ്യം മുന്നിലെത്തിയ ബ്ലാസ്‌റ്റേഴ്‌സ് 22ാം മിനിറ്റില്‍ ജീക്‌സണ്‍ സിംഗിന്റെ സെല്‍ഫ് ഗോളിലൂടെ ഒഡീഷക്ക് ഒപ്പമെത്താന്‍ അവസരം നല്‍കി. ഡീഗോ മൗറീഷ്യയുടെ ഷോട്ട് ജീക്‌സണ്‍ സിംഗിന്റെ കാലില്‍ തട്ടി ഡിഫ്‌ലെക്ട് ചെയ്ത് വലയില്‍ കയറുകയായിരുന്നു. സമനില ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഒഡീഷയുടെ മുന്നേറ്റത്തില്‍ പലപ്പോഴും ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം പകച്ചു. ഒടുവില്‍ ആദ്യ പകുതി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയിരിക്കെ സ്റ്റീഫന്‍ ടെയ്‌ലറിലൂടെ ഒഡീഷ ലീഡെടുത്തു..

രണ്ടാം പകുതിയുടെ തുടക്കത്തില്‍ 10 മിനിറ്റിന്റെ ഇടവേളയില്‍ ഡീഗോ മൗറീഷ്യ നടത്തിയ ഇരട്ട പ്രഹരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കൊമ്പൊടിഞ്ഞു. 50, 60  മിനിറ്റുകളായിരുന്നു മൗറീഷ്യയുടെ ഗോളുകള്‍. 63ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഫാക്കുണ്ടോ പെരേര മധ്യനിരയില്‍ നിന്ന് തൊടുത്ത ലോംഗ് ബോള്‍ ഗോളാകേണ്ടതായിരുന്നെങ്കിലും ഒഡീഷ ഗോള്‍ കീപ്പര്‍ അര്‍ഷദീപ് സിംഗിന്റെ മിന്നും സേവ് ഒഡീഷയെ കാത്തു.

79ാം മിനിറ്റില്‍ ജോര്‍ദ്ദാന്‍ മറെയുടെ പാസില്‍ നിന്ന് ഗാരി ഹൂപ്പര്‍ ഒരു ഗോള്‍ തിരിച്ചടിച്ച് ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷ നല്‍കിയെങ്കിലും സമയം വൈകിപ്പോയിരുന്നു. 85ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ഗാരി ഹൂപ്പര്‍ നഷ്ടമാക്കിയതോടെ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അഞ്ചാം തോല്‍വിയാണിത്.സീസണില്‍ ഒഡീഷയുടെ ആദ്യ ജയവും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com