ലോകത്ത് മറ്റൊരു വിക്കറ്റ് കീപ്പറും റിഷഭ് പന്തിന്റെ അത്രയും ക്യാച്ചുകള്‍ നഷ്ടപ്പെടുത്തിയിട്ടില്ല: വിമര്‍ശനവുമായി റിക്കി പോണ്ടിങ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th January 2021 10:03 AM |
Last Updated: 08th January 2021 10:03 AM | A+A A- |
പുകോവ്‌സ്‌കിയുടെ ക്യാച്ച് നഷ്ടപ്പെടുത്തി റിഷഭ് പന്ത്/വീഡിയോ ദൃശ്യം
സിഡ്‌നി: അരങ്ങേറ്റം കുറിച്ചതിന് ശേഷം ലോകത്ത് മറ്റ് ഏതൊരു വിക്കറ്റ് കീപ്പര്‍ നഷ്ടപ്പെടുത്തിയതിനേക്കാളും കൂടുതല്‍ ക്യാച്ചുകള്‍ റിഷഭ് പന്ത് നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് ഓസ്‌ട്രേലിയന്‍ മുന്‍ നായകന്‍ റിക്കി പോണ്ടിങ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം രണ്ട് വട്ടമാണ് പുകോവ്‌സ്‌കിയുടെ ക്യാച്ച് പന്ത് താഴെയിട്ടത്.
ഇതോടെ പന്തിനെതിരെ രൂക്ഷ വിമര്‍ശനം പല കോണുകളില്‍ നിന്നായി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സില്‍ പന്തിന്റെ പരിശീലകന്‍ കൂടിയായ റിക്കി പോണ്ടിങ്ങിന്റെ പരാമര്‍ശം. വിക്കറ്റ് കീപ്പിങ്ങില്‍ റിഷഭ് പന്ത് കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ടെന്ന് പോണ്ടിങ് പറഞ്ഞു.
ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പാര്‍ഥീവ് പട്ടേലും പന്തിന്റെ വിക്കറ്റ് കീപ്പിങ്ങിനെ വിമര്‍ശിച്ച് എത്തി. അശ്വിന്റെ ഡെലിവറിയില്‍ പുകോവ്‌സ്‌കിയുടെ ക്യാച്ച് നഷ്ടപ്പെടുത്തുന്ന സമയം വിരലുകള്‍ താഴേക്ക് വെക്കുന്നതിന് പകരം മുന്‍പിലേക്ക് കൊണ്ടുവരികയായിരുന്നു പന്ത്.
വിരലുകള്‍ താഴെക്കാക്കി വെക്കാന്‍ റിഷഭ് പന്ത് പ്രത്യേകം പരിശീലനം നടത്തണം എന്ന് പാര്‍ഥീവ് പട്ടേല്‍ ചൂണ്ടിക്കാണിച്ചു. ഹാര്‍ഡ് ഹാന്‍ഡിലാണ് പുകോവ്‌സ്‌കിയുടെ ക്യാച്ച് എടുക്കാന്‍ പന്ത് ശ്രമിച്ചത്. സോഫ്റ്റ് ഹാന്‍ഡില്‍ റിഷഭ് പന്ത് ഇനിയും മെച്ചപ്പെടാനുണ്ടെന്നും ഇന്ത്യന്‍ മുന്‍ വിക്കറ്റ് കീപ്പര്‍ പറഞ്ഞു.