നാലാം ദിനവും വംശീയ അധിക്ഷേപം; കളി തടസപ്പെട്ടു, ആറ് ആരാധകരെ ഗ്യാലറിയില്‍ നിന്ന് മാറ്റി 

ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മുഹമ്മദ് സിറാജ് പരാതി പറഞ്ഞതോടെയാണ് കളി നിര്‍ത്തിവെച്ചത്
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലി, ട്വിറ്റര്‍
സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം /ഫോട്ടോ: ക്രിക്കറ്റ് ഓസ്‌ട്രേലി, ട്വിറ്റര്‍

സിഡ്‌നി: മൂന്നാം ടെസ്റ്റിന്റെ നാലാം ദിനവും ഇന്ത്യന്‍ കളിക്കാര്‍ക്ക് നേരെ വംശീയാധിക്ഷേപം. കാണികളുടെ ഭാഗത്ത് നിന്നും മുഹമ്മദ് സിറാജിന് നേരെ വംശീയ അധിക്ഷേപം ഉയര്‍ന്നതോടെ എട്ട് മിനിറ്റോളം കളി തടസപ്പെട്ടു. 

ആറ് ആരാധകരെ സ്റ്റേഡിയത്തില്‍ നിന്ന് മാറ്റിയതിന് ശേഷമാണ് കളി പുനരാരംഭിച്ചത്. മുഹമ്മദ് സിറാജ് പരാതി പറഞ്ഞതോടെയാണ് കളി നിര്‍ത്തിവെച്ചത്. ചായക്ക് പിരിയുന്നതിന് മുന്‍പ് ഫൈനല്‍ ലെഗില്‍ സിറാജ് ഫീല്‍ഡ് ചെയ്യുമ്പോഴാണ് സംഭവം. 

അമ്പയര്‍മാരും, സുരക്ഷാ ഉദ്യോഗസ്ഥരും ഫൈനല്‍ ലെഗിലെ ബൗണ്ടറി ലൈനിന് അരികിലെത്തി. പിന്നാലെ ആറ് പേലെ പൊലീസ് അവരുടെ സീറ്റുകളില്‍ നിന്ന് നീക്കി. സിഡ്‌നി ടെസ്റ്റിന്റെ മൂന്നാം ദിനവും ഇന്ത്യന്‍ പേസര്‍മാരായ മുഹമ്മദ് സിറാജ്, ബൂമ്ര എന്നിവര്‍ക്ക് നേരെ കാണികളുടെ ഭാഗത്ത് നിന്നും മോശം പെരുമാറ്റം വന്നിരുന്നു. 

ഇരുവര്‍ക്കും നേരെ അസഭ്യവും, അധിക്ഷേപ വാക്കുകളും വന്നതോടെ മൂന്നാം ദിനം രഹാനെ അമ്പയറുടെ പക്കലെത്തി പരാതി പറയുകയായിരുന്നു. ഇന്ത്യന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതില്‍ ഐസിസി അന്വേഷണം നടത്തുകയാണ്. 

ഐസിസിയുടെ അന്വേഷണ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും, കുറ്റക്കാര്‍ ആരെല്ലാമാണെന്ന് വ്യക്തമാവുന്നതോടെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ഇന്ത്യന്‍ ടീമിനോട് നിരുപാധികം ക്ഷമ ചോദിക്കുകയാണെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com