ഒറ്റക്കാലുമായി സൈക്കിളില്‍ താണ്ടിയത് 2,800 കിലോമീറ്ററുകള്‍; പ്രചോദനമാണ്, 'തന്യ ഡഗ' എന്ന അത്ഭുതം 

ഒറ്റക്കാലുമായി സൈക്കിളില്‍ താണ്ടിയത് 2,800 കിലോമീറ്ററുകള്‍; പ്രചോദനമാണ്, 'തന്യ ഡഗ' എന്ന അത്ഭുതം 
തന്യ ഡഗ/ ട്വിറ്റർ
തന്യ ഡഗ/ ട്വിറ്റർ

ഭോപ്പാല്‍: ജീവിതത്തില്‍ ഒന്നും നേടാന്‍ സാധിക്കുന്നില്ലെന്ന് ആലോചിച്ച് നിരാശപ്പെടുന്നവര്‍ക്ക് ഇതാ ഒരു പാഠപുസ്തകം. ഭിന്നശേഷിക്കാരിയായ സൈക്ലിങ് താരം തന്യ ഡഗയാണ് ആ പാഠപുസ്തകം. ഇന്ത്യയുടെ ഒരേയൊരു പാര സൈക്ലിങ് താരം കൂടിയായ തന്യ ചരിത്രമെഴുതിയാണ് ഇപ്പോള്‍ പ്രചോദനമാകുന്നത്. 

ഒറ്റ കാല്‍ മാത്രമുള്ള തന്യ 2,500 കിലോമീറ്ററിന് മുകളില്‍ സൈക്കിളില്‍ താണ്ടി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു. ജമ്മു കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ 2,800 കിലോമീറ്റര്‍ സൈക്കിളില്‍ താണ്ടിയാണ് തന്യ ചരിത്രത്തില്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. 42 ദിവസങ്ങള്‍ക്കൊണ്ടാണ് തന്യ തന്റെ ലക്ഷ്യത്തിലെത്തിയത്. 

പാരാ സ്‌പോര്‍ട്‌സിന്റെ പ്രാധാന്യം രാജ്യം മുഴുവന്‍ എത്തിക്കാനും അവബോധം സൃഷ്ടിക്കാനുമായി ആദിത്യ മെഹത ഫൗണ്ടേഷന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് തന്യ സൈക്കിള്‍ ചവിട്ടിയത്. താരത്തിനൊപ്പം 30 പേര്‍ കൂടി ഈ ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍ തന്യ മാത്രമാണ് അതില്‍ ഭിന്നശേഷിക്കാരിയായ ഏക കായിക താരം. 

ഒരു അപകടത്തില്‍പ്പെട്ടാണ് തന്യക്ക് തന്റെ ഇടത് കാല്‍ നഷ്ടമായത്. കാല്‍ നഷ്ടപ്പെട്ടതോടെ ആകെ നിരാശയായിരുന്നു. എന്നാല്‍ തന്റെ അച്ഛനാണ് ഈ നിലയിലെത്താന്‍ തനിക്ക് പ്രചോദനമായതെന്ന് തന്യ പറയുന്നു. ശരീരത്തിന്റെ ഒരു ഭാഗം നഷ്ടമായി എന്നു കരുതി സ്വപ്‌നങ്ങള്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്ന അച്ഛന്റെ ഉപദേശം തന്നെ അടിമുടി മാറ്റിയെന്ന് തന്യ വ്യക്തമാക്കി. 

2020 നവംബര്‍ 19നാണ് സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്. എന്നാല്‍ അതിനിടെ ജീവിതം വീണ്ടും തന്നെ പരീക്ഷിച്ചു. അച്ഛന്‍ അലോക് ഡഗ 2020 ഡിസംബര്‍ 18ന് മരിച്ചു. ഈ സമയത്ത് യാത്ര പകുതി പിന്നിട്ടിരുന്നു. ഹൈദരാബാദിലെത്തിയ സമയത്താണ് അച്ഛന്റെ മരണം. പിന്നെ തിരികെ കുടുംബത്തിനൊപ്പം തന്നെ ചേര്‍ന്നു. 

താന്‍ ഈ ലക്ഷ്യം കീഴടക്കുമെന്ന് ഏറ്റവും ആദ്യം സ്വപ്‌നം കണ്ട ആള്‍ അച്ഛനാണ്. അതുകൊണ്ടു തന്നെ ഈ ലക്ഷ്യം അച്ഛന് വേണ്ടി പൂര്‍ത്തിയാക്കണമായിരുന്നു. അദ്ദേഹമാണ് തന്റെ വഴികാട്ടി. ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം തന്യ പറഞ്ഞു. ആത്മവിശ്വാസവും സ്വപ്‌നം കാണാനുള്ള മനസുമുണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാമെന്ന് തന്യ സാക്ഷ്യപ്പെടുത്തുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com