'മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശിയ അധിക്ഷേപം ഉണ്ടായിട്ടില്ല'; ഇന്ത്യന്‍ ആരാധകന്റെ വിശദീകരണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 12th January 2021 02:07 PM |
Last Updated: 12th January 2021 02:07 PM | A+A A- |

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്/ഫോട്ടോ: എപി
സിഡ്‌നി: ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന് നേര്‍ക്ക് വംശീയ അധിക്ഷേപം ഉണ്ടായിട്ടില്ലെന്ന വാദവുമായി ഇന്ത്യന്‍ ആരാധകന്‍. സംഭവത്തില്‍ ഐസിസി അന്വേഷണം നടക്കുമ്പോഴാണ് ഇന്ത്യന്‍ ആരാധകന്റെ വാദം വരുന്നത്.
പ്രതീക് കേല്‍ക്കര്‍ എന്ന വ്യക്തിയാണ് മുഹമ്മദ് സിറാജിന്റെ ആരോപണങ്ങള്‍ നിഷേധിച്ചത്. സിഡ്‌നിയിലേക്ക് സ്വാഗതം സിറാജ് എന്ന് മാത്രമാണ് കാണികള്‍ സിറാജിനോട് പറഞ്ഞത്. അവര്‍ ഒന്നും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞതിന് ഞങ്ങളേയും പുറത്താക്കി. മുന്‍പത്തെ ഓവറില്‍ രണ്ട് സിക്‌സ് വഴങ്ങിയതിന്റെ അസ്വസ്ഥതയാണ് സിറാജ് അവിടെ പ്രകടിപ്പിച്ചത്, ഇന്ത്യന്‍ ആരാധകനെ ഉദ്ധരിച്ച് സിഡ്‌നി മോണിങ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സിഡ്‌നി ടെസ്റ്റിന്റെ മൂന്നും നാലും ദിനങ്ങളിലാണ് മുഹമ്മദ് സിറാജിന് നേര്‍ക്ക് കാണികളുടെ ഭാഗത്ത് നിന്നും വംശീയ അധിക്ഷേപമുണ്ടായത്. മൂന്നാം ദിനം ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കി. നാലാം ദിനവും ഇത് തുടര്‍ന്നതോടെ ഏതാനും മിനിറ്റ് കളി നിര്‍ത്തിവെച്ചു. പിന്നാലെ ആറ് പേരെ ഗ്യാലറിയില്‍ നിന്ന് നീക്കി.
ഈ സംഭവത്തില്‍ ആരേയേും അറസ്റ്റ് ചെയ്തിട്ടില്ലെന്നും, ഗ്യാലറിയില്‍ നിന്ന് മാറ്റുക മാത്രമാണ് ചെയ്തത് എന്നും ഇന്ത്യന്‍ ആരാധകന്‍ പറയുന്നു. വംശീയ അധിക്ഷേപ വിവാദത്തില്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇന്ത്യയോട് ക്ഷമ ചോദിച്ചിരുന്നു.