ഇന്ത്യക്ക് കനത്ത തിരിച്ചടി? ബൂമ്രയ്ക്ക് ബ്രിസ്‌ബേനില്‍ കളിക്കാനായേക്കില്ല, മായങ്ക് അഗര്‍വാളിനും പരിക്ക് 

ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്ന ജസ്പ്രീത് ബൂമ്രയ്ക്ക് നാലാം ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍
ബൂമ്ര/ഫയല്‍ ചിത്രം
ബൂമ്ര/ഫയല്‍ ചിത്രം

ബ്രിസ്‌ബേന്‍: പരമ്പരയിലെ അവസാന ടെസ്റ്റിലേക്ക് എത്തുമ്പോള്‍ ഇന്ത്യന്‍ ടീമിലെ പരിക്കേറ്റവരുടെ എണ്ണം കൂടുന്നു. ഇന്ത്യന്‍ പേസ് നിരയെ നയിക്കുന്ന ജസ്പ്രീത് ബൂമ്രയ്ക്ക് നാലാം ടെസ്റ്റ് നഷ്ടമായേക്കുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. 

അടിവയറ്റിലെ വേദനയെ തുടര്‍ന്ന് ബൂമ്രയ്ക്ക് ബ്രിസ്‌ബേനില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നാണ് സൂചന. അതിന് പുറമെ മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട മായങ്ക് അഗര്‍വാളും പരിക്കിന്റെ പിടിയിലാണ്. പന്ത് കയ്യില്‍ കൊണ്ട് പരിക്കേറ്റ മായങ്കിനെ സ്‌കാനിങ്ങിന് വിധേയമാക്കി. സ്‌കാനിങ്ങില്‍ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായാല്‍ വിഹാരിക്ക് പകരം മായങ്ക് പ്ലേയിങ് ഇലവനിലേക്ക് എത്തും. 

പരിക്കിനെ തുടര്‍ന്ന് മായങ്കിനും കളിക്കാനാവാതെ വന്നാല്‍ പൃഥ്വി ഷായെ ഇന്ത്യ ടീമിള്‍ ഉള്‍പ്പെടുത്തും. ബൂമ്ര കളിക്കാതെ വന്നാല്‍ തന്റെ മൂന്നാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന മുഹമ്മദ് സിറാജ് ആയിരിക്കും ഇന്ത്യന്‍ പേസ് നിരയെ നയിക്കുക. പരമ്പര വിജയം നിര്‍ണയിക്കാന്‍ പോകുന്ന അവസാന ടെസ്റ്റില്‍ പരിക്കുകളുടെ ഘോഷയാത്ര വരുന്നത് ഇന്ത്യയെ പിന്നോട്ടടിക്കുന്നു. 

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് 5 ആഴ്ച വരെ വിശ്രമം വേണ്ടി വരും. ഇഷാന്ത് ശര്‍മയിലൂടെയാണ് പരിക്ക് ഇന്ത്യയെ അലട്ടാന്‍ തുടങ്ങിയത്. പിന്നാലെ മുഹമ്മദ് ഷമി, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിക്കേറ്റ് ഇന്ത്യക്ക് നഷ്ടമാവുന്നു. ബൂമ്രയും കളിക്കാതിരുന്നാല്‍ ഇന്ത്യക്ക് അത് വലിയ തിരിച്ചടിയാവും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com