സ്വയം വിഡ്ഢിയായ പോലെ, എന്റെ നേതൃത്വം മികച്ചതായിരുന്നില്ല; മാപ്പ് പറഞ്ഞ് ടിം പെയ്ന്‍ 

മൂന്നാം ടെസ്റ്റില്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ തിം പെയ്ന്‍
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ
മത്സര ശേഷം അശ്വിന് ഹസ്തദാനം ചെയ്യുന്ന ടിം പെയ്ൻ/ ട്വിറ്റർ

സിഡ്‌നി: മൂന്നാം ടെസ്റ്റില്‍ തന്റെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ ക്ഷമ ചോദിച്ച് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍. തന്റെ നായകത്വം മികച്ചതായിരുന്നില്ല എന്നും, ആര്‍ അശ്വിനെ സ്ലെഡ്ജ് ചെയ്തതിലൂടെ വിഡ്ഡിയെ പോലെ തോന്നിച്ചെന്നും പെയ്ന്‍ പറഞ്ഞു. 

സിഡ്‌നിയില്‍ അശ്വിന് നേര്‍ക്ക് വന്ന പെയ്‌നിന്റെ വാക്കുകള്‍ വലിയ വിമര്‍ശനത്തിന് ഇടവെച്ചിരുന്നു. കളിക്ക് ശേഷം ഉടനെ തന്നെ ഞാന്‍ അശ്വിനോട് സംസാരിച്ചിരുന്നു. ഒരു വിഡ്ഡിയെ പോലെയായി ഞാന്‍ മാറിയില്ലേ എന്ന് ഞാന്‍ അശ്വിനോട് ചോദിച്ചു. വായ തുറന്നതിന് ശേഷം ഒരു ക്യാച്ച് നഷ്ടപ്പെടുത്തുക..അത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കുകയും ചെയ്തു, പ്രസ് കോണ്‍ഫറന്‍സില്‍ പെയ്ന്‍ പറഞ്ഞു. 

മുന്‍കൂട്ടി നിശ്ചയിച്ചതായിരുന്നില്ല പെയ്‌നിന്റെ ആ പ്രസ് കോണ്‍ഫറന്‍സ്. എന്നാല്‍ ചില കാര്യങ്ങള്‍ പറയാനുള്ളതിനെ തുടര്‍ന്ന് മാധ്യമങ്ങളെ കാണാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്നലെ ഞാന്‍ കാര്യങ്ങള്‍ കൊണ്ടുപോയ വിധത്തില്‍ ഞാന്‍ ക്ഷമ ചോദിക്കുകയാണ്. എന്റെ നായകത്വം മികച്ചതായിരുന്നില്ല. 

ഞാന്‍ കളിയുടെ സമ്മര്‍ദം കൂട്ടി, എന്നാല്‍ പിന്നെ അത് എന്റെ മൂഡിനെ ബാധിച്ചു. അത് എന്റെ പ്രകടനത്തേയും പിന്നോട്ടടിച്ചു. ഇന്നലെ ഗ്രൗണ്ടില്‍ നിന്ന് തിരികെ വന്നതിന് ശേഷം കളിക്കാരോട് ഞാന്‍ പറഞ്ഞു, ലീഡര്‍ എന്ന നിലയില്‍ എന്റെ മോശം പ്രകടനമായിരുന്നു. ടീമിന്റെ നിലവാരത്തിന് താഴെ പോവുകയും, എന്റെ പ്രതീക്ഷകള്‍ക്കൊത്ത് ഉയരാതെ വരികയും ചെയ്തു, പെയ്ന്‍ പറയുന്നു.

ഇന്നലെ എന്റെ ഭാഗത്ത് നിന്നുണ്ടായ എല്ലാ പിഴവുകള്‍ക്കും ക്ഷമ ചോദിക്കുകയാണ്. ഈ ടീമിനെ എങ്ങനെ നയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചുവോ അങ്ങനെയല്ല അവിടെ സംഭവിച്ചത്. കഴിഞ്ഞ 18 മാസം കൊണ്ട് സൃഷ്ടിച്ച നിലവാരത്തില്‍ നിന്ന് താഴേക്ക് പോയി. മുന്‍പോട്ട് വന്ന് അത് ഞാന്‍ തുറന്ന് പറയണം എന്ന് എനിക്ക് തോന്നി. 

സിഡ്‌നി ടെസ്റ്റില്‍ മുഴുവന്‍ എന്റെ മൂഡ് പ്രശ്‌നമായിരുന്നു. അമ്പയര്‍മാരോട് ഞാന്‍ മോശമായി പെരുമാറി. സ്വന്തം കഴിവ് ഉപയോഗിച്ചാണ് കളിക്കേണ്ടത് എന്നാണ് ടീം അംഗങ്ങളോട് ഞാന്‍ പറയുക. വൈകാരികമായല്ല കളിക്കേണ്ടത്. എന്നാല്‍ ഇന്നലെ എന്റെ ഭാഗത്ത് നിന്നുണ്ടായത് അതല്ല. എന്റെ മനോഭാവം ശരിയായിരുന്നില്ല. പിരിമുറുക്കത്തിലായിരുന്നു ഞാന്‍. അതിലൂടെ എന്റെ ജോലിയില്‍ എല്ലാ ശ്രദ്ധയും കൊടുക്കാനായില്ല. രണ്ട് ടീമുകളും തമ്മിലുള്ള സൗഹൃദം അതേ പോലെ തന്നെ തുടരുമെന്നും പെയ്ന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com