പരിക്കുകള്‍ക്ക് കാരണം ഐപിഎല്‍, ടൂര്‍ണമെന്റ് നടത്തിയത് ശരിയായ സമയത്തല്ല: ജസ്റ്റിന്‍ ലാംഗര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th January 2021 01:03 PM |
Last Updated: 13th January 2021 01:03 PM | A+A A- |

ജസ്റ്റിന്‍ ലാംഗര്‍/ഫയല്‍ ചിത്രം
ബ്രിസ്‌ബേന്‍: കളിക്കാര്‍ പരിക്കുകളിലേക്ക് വീണതിന് കാരണം ഐപിഎല്‍ എന്ന് ഓസ്‌ട്രേലിയന്‍ കോച്ച് ജസ്റ്റിന്‍ ലാംഗര്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്താണ് നടത്തിയത് എന്ന് കരുതുന്നില്ലെന്ന് ലാംഗര്‍ പറഞ്ഞു.
ഈ സമ്മറില്‍ എത്ര കളിക്കാര്‍ക്ക് പരിക്കേറ്റു എന്ന് നോക്കുക. ഐപിഎല്‍ നടത്തിയത് ശരിയായ സമയത്തല്ല. ഇതുപോലൊരു വലിയ പരമ്പരയ്ക്ക് മുന്‍പായി പ്രത്യേകിച്ചും, പ്രസ് കോണ്‍ഫറന്‍സില്‍ ഓസീസ് പരിശീലകന്‍ പറഞ്ഞു. ഏപ്രില്‍-മെയ് മാസത്തിലായി നടത്തേണ്ടിയിരുന്ന ഐപിഎല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സെപ്തംബര്‍-നവംബറിലായാണ് നടത്തിയത്.
ഐപിഎല്‍ മുതല്‍ പരിക്കുകള്‍ ഇന്ത്യയേയും ഓസ്‌ട്രേലിയയേയും അലട്ടുന്നുണ്ട്. ഐപിഎല്‍ എനിക്ക് ഇഷ്ടമാണ്. കൗണ്ടി ക്രിക്കറ്റ് നോക്കി കാണുന്നത് പോലെയാണ് ഐപിഎല്ലിലേക്കും ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്. യുവ താരങ്ങളെ കൂടുതല്‍ മെച്ചപ്പെടാന്‍ കൗണ്ടി ക്രിക്കറ്റ് സഹായിക്കും. ഐപിഎല്ലിലും അങ്ങനെയാണ് എന്നാണ് ഞാന്‍ കരുതുന്നത്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മെച്ചപ്പെടാന്‍ ഐപിഎല്ലിലൂടെ അവര്‍ക്കാവും, ലാംഗര്‍ പറഞ്ഞു.
എന്നാല്‍ ഐപിഎല്‍ നടത്തിയ സമയത്തിലേക്ക് മാത്രമാണ് ഞാന്‍ വിരല്‍ ചൂണ്ടുന്നത്. ഇപ്പോള്‍ രണ്ട് ടീമിലും ഉണ്ടായിരിക്കുന്ന പരിക്കുകള്‍ക്ക് ഐപിഎല്‍ കാരണമായിട്ടുണ്ടോ എന്ന് അവര്‍ പരിശോധിക്കണം. ബൂമ്ര, ജഡേജ എന്നിവരുടെ അഭാവം കളിയില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ഓസീസ് പരിശീലകന്‍ പറഞ്ഞു.
മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, കെ എല്‍ രാഹുല്‍, ഹനുമാ വിഹാരി, ബൂമ്ര എന്നിവര്‍ക്കാണ് ഇന്ത്യന്‍ ക്യാംപില്‍ പരിക്കേറ്റത്. ബൂമ്ര ബ്രിസ്‌ബേനില്‍ കളിക്കുമോയെന്ന് വ്യക്തമല്ല. ഏകദിന പരമ്പരയ്ക്കിടയില്‍ ഡേവിഡ് വാര്‍ണര്‍ക്ക് പരിക്കേറ്റതാണ് ഓസ്‌ട്രേലിയക്ക് വലിയ തിരിച്ചടിയായത്.