ബാറ്റിങ് കൊടുങ്കാറ്റായി അസ്ഹറുദ്ദീന്‍, അതിവേഗ സെഞ്ച്വറി ; മുബൈയെ തകര്‍ത്ത് കേരളം ( വീഡിയോ)

ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്
ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ട്വിറ്റര്‍ ചിത്രം
ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ട്വിറ്റര്‍ ചിത്രം


മുംബൈ: സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ കരുത്തരായ മുംബൈക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. എട്ടുവിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും നേടിയത്. ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിങ്ങ് കൊടുങ്കാറ്റാണ് ഗ്രൂപ്പ് ഇയില്‍ കേരളത്തിന് അവിസ്മരണീയ വിജയം സമ്മാനിച്ചത്. 

ഓപ്പണറായിറങ്ങിയ കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു.  20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്.  11 സിക്‌സുകളും 9 ഫോറുകളും താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു.

22 റണ്‍സെടുത്ത നായകന്‍ സഞ്ജുവും മികച്ച പ്രകടനം കാഴ്ചവെച്ചു. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്. ആദ്യമല്‍സരത്തില്‍ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യമല്‍സരത്തില്‍ ഡല്‍ഹിയോടും തോറ്റിരുന്നു. 

ടോസ് നഷ്ടപ്പെട്ട്  ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തു. 197 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളത്തിനായി അസ്ഹറുദ്ദീന്റെ ഒറ്റയാന്‍ പ്രകടനമാണ് നിര്‍ണായകമായത്. വെറും 15.5 ഓവറില്‍ 25 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് കേരളത്തിന്റെ വിജയം. ഒരു കൂറ്റന്‍ സിക്‌സിലൂടെയാണ് അസ്ഹറുദ്ദീന്‍ ടീമിനെ വിജയത്തിലെത്തിച്ചത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈ 42 ആദിത്യ താരെയുടെയും 40 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളിന്റെയും  38 റണ്‍സെടുത്ത നായകന്‍ സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ് മികവിലാണ് 196 റണ്‍സെടുത്തത്. കേരളത്തിനായി കെ എം ആസിഫും ജലജ് സക്‌സേനയും മൂന്നു വിക്കറ്റ് വീതം നേടി. 

37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ രോഹിത് സെഞ്ച്വറി തികച്ചിരുന്നു. 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് അസ്ഹറുദ്ദീന്റെ 137 റണ്‍സ്. ഈ സീസണില്‍ത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റണ്‍സടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോര്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com