ഓരോ റണ്ണിനും 1000 രൂപ വെച്ച് ; അവിസ്മരണീയ പ്രകടനത്തിന് അസ്ഹറുദ്ദീന് ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ച് കെസിഎ

കരുത്തരായ മുംബൈക്കെതിരെ  20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്
കേരള ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ഫയല്‍ ചിത്രം
കേരള ക്രിക്കറ്റ് താരം അസ്ഹറുദ്ദീന്‍ / ഫയല്‍ ചിത്രം

തിരുവനന്തപുരം : സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി-20 ടൂര്‍ണമെന്റില്‍ മുംബൈക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന് പാരിതോഷികം പ്രഖ്യാപിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍. അസ്ഹറുദ്ദീന്‍ നേടിയ ഓരോ റണ്ണിനും 100 രൂപ വീതം നല്‍കുമെന്നാണ് അറിയിപ്പ്. ഇതനുസരിച്ച് 1.37 ലക്ഷം രൂപ ( 1,37,000 രൂപ ) ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കരുത്തരായ മുംബൈക്കെതിരെ  20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്. മല്‍സരത്തില്‍ ഓപ്പണറായിറങ്ങിയ കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒന്‍പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. 

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഒരു കേരള താരം സെഞ്ചുറി നേടുന്നതും ഇതാദ്യമായാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റിലെ ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയാണ് അസ്ഹറുദ്ദീന്റെ 137 റണ്‍സ്. ഈ സീസണില്‍ത്തന്നെ മണിപ്പൂരിനെതിരെ മേഘാലയയ്ക്കുവേണ്ടി പുറത്താകാതെ 149 റണ്‍സടിച്ച പുനീത് ബിഷ്തിന്റെ പേരിലാണ് റെക്കോര്‍ഡ്. 

37 പന്തില്‍നിന്ന് സെഞ്ച്വറി നേടിയ അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ 32 പന്തില്‍ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ച്വറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ രോഹിത് സെഞ്ച്വറി തികച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com