ഇത്തവണ കത്തിക്കയറിത് ഉത്തപ്പയും വിഷ്ണു വിനോദും; കരുത്തരായ ഡല്‍ഹിയേയും തകര്‍ത്തെറിഞ്ഞ് കേരളം; ഹാട്രിക്ക് ജയം

ഇത്തവണ കത്തിക്കയറിത് ഉത്തപ്പയും വിഷ്ണു വിനോദും; കരുത്തരായ ഡല്‍ഹിയേയും തകര്‍ത്തെറിഞ്ഞ് കേരളം; ഹാട്രിക്ക് ജയം
റോബിൻ ഉത്തപ്പ ബാറ്റിങിനിടെ/ വീഡിയോ ദൃശ്യം
റോബിൻ ഉത്തപ്പ ബാറ്റിങിനിടെ/ വീഡിയോ ദൃശ്യം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20യില്‍ തുടര്‍ച്ചയായി മൂന്നാം വിജയം സ്വന്തമാക്കി കേരളത്തിന്റെ കുതിപ്പ്. ഇത്തവണ കരുത്തരായ ഡല്‍ഹിയെയാണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അത് ചെയ്‌സ് ചെയ്ത് കേരളം ഉജ്ജ്വല വിജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്തു. മറുപടി പറഞ്ഞ കേരളം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്ത് വിജയം പിടിച്ചു.

കഴിഞ്ഞ കളിയില്‍ അതിവേഗ സെഞ്ച്വറിയുമായി കേരളത്തെ മുന്നില്‍ നിന്നു നയിച്ച ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഇത്തവണ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയെപ്പോള്‍ മറ്റൊരു ഓപ്പണര്‍ റോബിന്‍ ഉത്തപ്പയാണ് ഇത്തവണ ടോപ് സ്‌കോററായത്. ഒപ്പം വിഷ്ണു വിനോദും കട്ടയ്ക്ക് കൂടെ നിന്നതോടെ കേരളത്തിന്റെ ജയം അനായാസമായി മാറുകയായിരുന്നു.

കത്തിക്കയറിയ ഉത്തപ്പയ്ക്ക് അര്‍ഹിച്ച സെഞ്ച്വറിയാണ് നഷ്ടമായത്. താരം 54 പന്തുകള്‍ നേരിട്ട് എട്ട് സിക്‌സും നാല് ഫോറും സഹിതം 95 റണ്‍സ് അടിച്ചുകൂട്ടി. വിഷ്ണു വിനോദ് പുറത്താകാതെ 38 പന്തില്‍ 71 റണ്‍സ് വാരി. ഉത്തപ്പ പുറത്തായ ശേഷം എത്തിയ സല്‍മാന്‍ നിസാര്‍ അധികം കാത്ത് നില്‍ക്കാതെ മൂന്ന് പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം പത്ത് റണ്‍സുമായി പുറത്താകാതെ നിന്ന് കേരളത്തിന്റെ വിജയം ഉറപ്പാക്കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പത്ത് പന്തില്‍ 16 റണ്‍സും സച്ചിന്‍ ബേബി 11 പന്തില്‍ 22 റണ്‍സുമായും മടങ്ങി.

നേരത്തെ ഡല്‍ഹി ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ (48 പന്തില്‍ 77), ലളിത് യാദവ് (പുറത്താകാതെ 25 പന്തില്‍ 52) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോറിലെത്തിയത്. കേരളത്തിനായി എസ് ശ്രീശാന്ത് രണ്ടും കെഎം ആസിഫ്, എസ് മിഥുന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com