ജോലി ഭാരം കൂടുതല്‍, പരിശീലനം കുറവ്; കൂട്ട പരിക്കിലേക്ക് വീഴ്ത്തിയത് ഐപിഎല്ലും; വിദഗ്ധര്‍ പറയുന്നത്

രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, ബൂമ്ര എന്നിവരെ സിഡ്‌നി ടെസ്റ്റോടെ ഇന്ത്യക്ക് നഷ്ടമായി
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി
സിഡ്‌നി ടെസ്റ്റിന് ഇടയില്‍ പരിക്കേറ്റ റിഷഭ് പന്തിനെ ഫിസിയോ പരിശോധിക്കുന്നു/ഫോട്ടോ: എപി

ന്യൂഡല്‍ഹി: ഒന്നിന് പിറകെ ഒന്നായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ പരിക്കിലേക്ക് വീഴുന്നതിന് കാരണം ജോലിഭാരം കൂടിയതും, പരിശീലനം കുറഞ്ഞതുമാണെന്ന് വിലയിരുത്തല്‍. ഏഴ് മാസം ക്രിക്കറ്റ് കളിക്കാതെ ഇരുന്ന് പെട്ടെന്ന് കളിക്കാന്‍ ഇറങ്ങിയപ്പോഴുണ്ടായ പ്രശ്‌നങ്ങളാണ് ഇതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സിഡ്‌നി ടെസ്റ്റിലാണ് ഇന്ത്യക്ക് വലിയ പ്രഹരങ്ങളേറ്റത്. രവീന്ദ്ര ജഡേജ, ഹനുമാ വിഹാരി, ആര്‍ അശ്വിന്‍, ബൂമ്ര എന്നിവരെ സിഡ്‌നി ടെസ്റ്റോടെ ഇന്ത്യക്ക് നഷ്ടമായി. ഐപിഎല്‍ കളിച്ച് കഴിഞ്ഞ് ഉടനെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് അവര്‍ എത്തി. അതിന് മുന്‍പ് എത്രമാത്രം പരിശീലനം അവര്‍ നടത്തിയെന്ന് അറിയില്ല. പെട്ടെന്ന് ജോലിഭാരം കൂടിയതാണ് പരിക്കിലേക്ക് വഴിവെച്ചത്, ഡല്‍ഹി രഞ്ജി ടീമിന്റെ മുന്‍ ഫിറ്റ്‌നസ് ട്രെയ്‌നറായ നിഷാന്ത ബൊര്‍ഡോലോ പറയുന്നു.

അഞ്ച് ദിവസം കളിക്കണം എങ്കില്‍ എല്ലാ അര്‍ഥത്തിലും ഫിറ്റ്‌നസ് നേടിയിട്ടുണ്ടാവണം. എന്നാല്‍ ഇപ്പോള്‍ അഞ്ച് ദിവസം കളിക്കാന്‍ പാകത്തില്‍ ഫിറ്റ്‌നസ് അവരുടെ ശരീരത്തിനില്ല. ഐപിഎല്‍ മത്സരങ്ങള്‍ കടുപ്പമേറിയതാണ്. എന്നാല്‍ പരിശീലനം കുറവും, വിശ്രമം കുറവുമായിരുന്നു, സ്‌പോര്‍ട്‌സ് മെഡിസിന്‍ ഡോക്ടറായ പിഎസ് മോഹന്‍ ചന്ദ്രന്‍ പറഞ്ഞു.

മുഹമ്മദ് ഷമി, ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഹനുമാ വിഹാരി, കെ എല്‍ രാഹുല്‍ എന്നീ കളിക്കാരാണ് ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് ഇടയില്‍ പരിക്കേറ്റ് പുറത്തേക്ക് പോയത്. ഐപിഎല്‍ കഴിഞ്ഞ് ഓസ്‌ട്രേലിയയിലേക്ക് പറക്കും മുന്‍പ് വേണ്ട പരിശീലനം ടീം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായില്ല എന്നാണ് പരിക്കുകള്‍ കളം നിറയുന്നതിന്റെ കാരണമായി വിദഗ്ധര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com